പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ.

ദില്ലി:പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകരർക്ക് അഭയം നൽകിയ രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പഹൽ​ഗാം സ്വദേശികളാണ് അറസ്റ്റിലായ രണ്ടുപേരും. ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള പാക്കിസ്ഥാൻ സ്വദേശികളാണ് ഭീകരരെന്ന് അറസ്റ്റിലായവർ മൊഴി നൽകി.

പഹൽ​ഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി എൻഐഎയുടെ ആദ്യ അറസ്റ്റ്. ഏപ്രിൽ 22 ന് നടന്ന ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരർക്ക് പഹൽ​ഗാമിലെ ഹിൽപാർക്കിൽ താമസവും ഭക്ഷണവും അടക്കം നൽകിയ രണ്ടു പ്രദേശവാസികളാണ് അറസ്റ്റിലായത്. പഹൽ​ഗാം ബാത്കോട് സ്വദേശിയായ പർവെയ്സ് അഹമ്മദ് ജോതർ, ഹിൽപാർക്ക് സ്വദേശിയായ ബാഷിർ അഹമ്മദ് ജോതർ എന്നിവരാണ് പിടിയിലായത്. 

ആക്രമണത്തിനെത്തിയ ആയുധധാരികളായ 3 ഭീകരർ പാക്കിസ്ഥാൻ സ്വദേശികളാണെന്നും ഇവർ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നും പിടിയിലായവർ എൻഐഎക്ക് മൊഴി നൽകി. ഭീകരാക്രമണത്തിന് എത്തിയവരാണിവരെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവർ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയത്. ഹിൽപാർക്കിലെ ഇവരുടെ താൽകാലിക താമസ കേന്ദ്രത്തിൽനിന്നുമാണ് ഭീകരർ ആക്രമണത്തിനായി ബൈസരൺ വാലിയിലേക്ക് പോയത്.

യുഎപിഎ വകുപ്പിലെ പത്തൊൻപതാം വകുപ്പ് ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും എൻഐഎ പ്രസ്താവനയിലൂടെ അറിയിച്ചു. ഭീകരാക്രമണത്തിലെ പാക്കിസ്ഥാനും പാക് ഭീകര സംഘടനകൾക്കും നിർണായക പങ്കുണ്ടെന്ന ഇന്ത്യയുടെ വാദത്തിന് കൂടുതൽ ബലം നൽകുന്നതാണ് അറസ്റ്റിലായവരുടെ മൊഴികൾ. 

അറസ്റ്റിലായവരിലൂടെ യഥാർത്ഥ പ്രതികൾ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.പഹൽ​ഗാം ഭീകരാക്രമണം നടന്ന് രണ്ട് മാസം പൂർത്തിയാകുമ്പോഴാണ് കേസിൽ ആദ്യ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തുന്നത്. പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന രണ്ട് ഭീകരരെ നേരത്തെ കിഷ്ത്വാറില്‍ വധിച്ചിരുന്നു.Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News