പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന കാര്യക്ഷമതയെ ബാധിക്കുമെന്ന് വാഹന ഉടമകള്‍ ആശങ്കപ്പെട്ടിരുന്നു. തുടര്‍ന്ന് വിവാദമുടലെടുത്തു. ദിവസങ്ങള്‍ക്ക് ശേഷം എഥനോൾ വിവാദത്തിൽ പ്രതികരണവുമായി ഗഡ്കരി.
ദില്ലി: പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ മിശ്രിതത്തിനെതിരെയുള്ള സോഷ്യൽ മീഡിയ പ്രചാരണം തന്നെ രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കാനുള്ള പണം നൽകിയുള്ള പ്രചാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് സൊസൈറ്റിയുടെ വാർഷിക കൺവെൻഷനിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഓട്ടോമൊബൈൽ നിർമ്മാതാക്കളും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) പോലുള്ള സ്ഥാപനങ്ങളും പെട്രോളിൽ എത്തനോൾ കലർത്തുന്നതിനെക്കുറിച്ചുള്ള അവരുടെ കണ്ടെത്തലുകൾ പങ്കുവെച്ചിട്ടുണ്ടെന്ന് മന്ത്രി മറുപടി നൽകി. സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചാരണം തന്നെ രാഷ്ട്രീയമായി ലക്ഷ്യം വെച്ചുള്ളതായിരുന്നു. പ്രചാരണങ്ങളിൽ ഒരു വസ്തുതയുമില്ല. എല്ലാം സുതാര്യമാണ്. എഥനോൾ മിശ്രിതം ഇറക്കുമതിക്ക് പകരവും ചെലവ് കുറഞ്ഞതും, മലിനീകരണ രഹിതവും, തദ്ദേശീയവുമാണെന്നും മന്ത്രി പറഞ്ഞു. ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വൻ തുക ചെലവഴിക്കുന്നു. ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കാനും ലാഭിക്കുന്ന പണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കാനും ശ്രമിക്കുന്നത് സാമ്പത്തികമായി നല്ല നീക്കമാണ്. ചോളത്തിൽ നിന്നാണ് എഥനോൾ വേർതിരിച്ചെടുത്തത്. ഈ നീക്കം മൂലം കർഷകർക്ക് 45,000 കോടി രൂപ നേട്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണം കുറയ്ക്കണമെന്ന് ലോകം സമ്മതിക്കുന്നു. ഈ നിലയിലുള്ള മലിനീകരണം തുടർന്നാൽ ഡദില്ലി നിവാസികൾക്ക് 10 വർഷത്തെ ആയുസ്സ് നഷ്ടപ്പെടുമെന്ന് ഒരു റിപ്പോർട്ട് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 80 ശതമാനം പെട്രോളും 20 ശതമാനം എത്തനോളും ചേർന്ന ഇന്ധന മിശ്രിതമാണ് E20 പെട്രോൾ. കാർബൺ ബഹിർഗമനവും ഫോസിൽ ഇന്ധന ഇറക്കുമതിയും കുറയ്ക്കുന്നതിൽ E20 മിശ്രിതം ഒരു പ്രധാന പങ്കുവഹിക്കുമെന്ന് സർക്കാർ ഊന്നിപ്പറയുമ്പോൾ ഇന്ധനക്ഷമത കുറയ്ക്കുന്നതിനും തേയ്മാനം വർദ്ധിപ്പിക്കുന്നതിനും കാരണമായെന്നും ഇത് വാഹനങ്ങളുടെ ആയുസ്സ് കുറയ്ക്കുന്നുവെന്നുമാണ് വാഹന ഉടമകൾ പറയുന്നത്. ഇന്ധനക്ഷമതയിൽ വലിയ കുറവുണ്ടാകുമെന്ന അവകാശവാദങ്ങൾ തെറ്റാണെന്ന് സർക്കാർ പറഞ്ഞു.


