ജയ്ഷെ മുഹമ്മദ് നേതൃത്വവുമായി സംസാരിച്ചെന്ന് അറിയാതെ പറഞ്ഞു പോയ ശേഷം ഉത്തരമില്ലാതെ നിലപാട് തിരുത്താൻ ശ്രമിക്കുന്ന പാക് വിദേശകാര്യമന്ത്രി. വീഡിയോ കാണാം. 

ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദുമായി പാകിസ്ഥാനുള്ള ബന്ധത്തെക്കുറിച്ചുള്ള ബിബിസി മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ വിയർത്ത് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി.

പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിനെക്കുറിച്ചായിരുന്നു ബിബിസി മാധ്യമപ്രവർത്തകനായ സിക്കന്ദർ കെർമാണി അഭിമുഖത്തിൽ പാക് വിദേശകാര്യമന്ത്രിയോട് ചോദിച്ചത്. എന്നാൽ ഭീകരാക്രമണത്തിൽ ജയ്ഷെ നേതൃത്വത്തിന് പങ്കുണ്ടെന്നതിന് തെളിവില്ലെന്ന് ഖുറേഷി പറഞ്ഞു.

'അക്കാര്യത്തിൽ നമുക്കിപ്പോഴും ഉറപ്പില്ലല്ലോ?', മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിൽ ഇടപെട്ടുകൊണ്ട് ഖുറേഷി.

'എന്നു വച്ചാൽ? ജയ്ഷെ മുഹമ്മദ് പാകിസ്ഥാനിലാണെന്ന് ഉറപ്പില്ലെന്നോ?', എന്ന് സിക്കന്ദർ.

'അല്ല .. അതായത് .. അക്കാര്യത്തിൽ ഒരു .. അക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.' ഖുറേഷി.

'എന്താണ് ആശയക്കുഴപ്പം?' സിക്കന്ദർ.

'ഇക്കാര്യം ചോദിച്ച് ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ 'അവർ' അത് നിഷേധിക്കുകയായിരുന്നു.' ഖുറേഷി പറ‍ഞ്ഞു.

'ആര്? ആരെയാണ് താങ്കൾ ബന്ധപ്പെട്ടത്?', എന്ന് മാധ്യമപ്രവർത്തകൻ. ഇതോടെ ഷാ മഹ്‍മൂദ് ഖുറേഷി അസ്വസ്ഥനാകുന്നു.

'അതായത് .. നിങ്ങൾക്കറിയാമല്ലോ .. ഇതുമായി ബന്ധപ്പെട്ട .. ഇവിടെയുള്ള ആളുകൾ .. അവർ .. അവരാണ് ഇത് നിഷേധിച്ചത്.' മറുപടിയ്ക്കായി വാക്കുകൾ അന്വേഷിക്കുകയാണ് ഖുറേഷിയെന്ന് ഇതോടെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

'ജയ്ഷെയുടെ എല്ലാ ഔദ്യോഗിക ചാനലിലൂടെയും വെബ്സൈറ്റിലൂടെയും അവർ ഉത്തരവാദിത്തം ഏറ്റെടുത്തതാണല്ലോ', എന്ന് സിക്കന്ദർ.

'ഇതുമായി ബന്ധപ്പെട്ട ആളുകൾ ജയ്ഷെക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടുണ്ട്.' എന്ന് ഷാ മഹ്‍മൂദ് ഖുറേഷി പറയുന്നു.

ബിബിസി നടത്തിയ അഭിമുഖം ഇവിടെ: (Courtesy: BBC)

നേരത്തേ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ മസൂദ് അസർ പാകിസ്ഥാനിൽത്തന്നെയുണ്ടെന്നും തീരെ അവശനായതിനാൽ ചികിത്സയിലാണെന്നും ഷാ മഹ്‍മൂദ് ഖുറേഷി പറഞ്ഞത് വിവാദമായിരുന്നു. 

Read More: ജെയ്ഷെ തലവൻ മസൂദ് അസർ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യമന്ത്രി