സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള നടപടികളിലൂടെ ഇന്ത്യയുടെ ശക്തി ലോകം കണ്ടുവെന്നും, ശത്രുരാജ്യത്തിൻ്റെ മണ്ണിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാമത് ജന്മവാർഷിക ദിനത്തിൽ രാജ്യത്തിൻ്റെ ശക്തി ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾക്കുള്ള ഇന്ത്യയുടെ മറുപടി ഇപ്പോൾ നിർണ്ണായകവും ശക്തവുമാണെന്ന് ലോകത്തിന് ദൃശ്യവുമായ കാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഓപ്പറേഷൻ സിന്ദൂർ" ഇന്ത്യയുടെ ശക്തമായ മറുപടി ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യക്ക് ശത്രുരാജ്യത്തിൻ്റെ മണ്ണിൽ കടന്ന് ആക്രമിക്കാൻ കഴിയും എന്ന വ്യക്തമായ സന്ദേശം ഓപ്പറേഷൻ സിന്ദൂർ നൽകി. ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയർത്താൻ ധൈര്യപ്പെട്ടാൽ, ഇന്ത്യആ മണ്ണിൽ കയറി തിരിച്ചടിക്കും. ഇന്ന് പാകിസ്ഥാനും തീവ്രവാദം വളര്‍ത്തുന്നവര്‍ക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസിനെതിരെയും നക്സലിസത്തിനെതിരെയും വിമർശനം
രാഷ്ട്രീയ ഏകതാ ദിവസ് വേദി പ്രധാനമന്ത്രി കോൺഗ്രസിനെ ആക്രമിക്കാനും ഉപയോഗിച്ചു. പട്ടേലിൻ്റെ കാഴ്ചപ്പാടുകൾ കോൺഗ്രസ് മറന്നുകളഞ്ഞതായി അദ്ദേഹം ആരോപിച്ചു. പട്ടേലിൻ്റെ ആദർശങ്ങളാണ് നക്സലിസം, നുഴഞ്ഞുകയറ്റം തുടങ്ങിയ ആഭ്യന്തര വെല്ലുവിളികളോടും ബാഹ്യ ഭീഷണികളോടും ഉള്ള സർക്കാരിൻ്റെ സമീപനത്തെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നക്സലിസത്തിനെതിരെ: "2014-ന് മുമ്പ്, നക്സലൈറ്റുകൾ രാജ്യത്തിൻ്റെ വലിയ ഭാഗങ്ങളിൽ സ്വന്തം ഭരണം നടത്തിയിരുന്നു. സ്കൂളുകളും കോളേജുകളും ആശുപത്രികളും തകർത്തു, ഭരണകൂടം നിസ്സഹായമായി നോക്കി നിന്നു. ഞങ്ങൾ അർബൻ നക്സലുകൾക്കെതിരെ ശക്തമായി പ്രവർത്തിച്ചു. അതിൻ്റെ ഫലമായി, മുമ്പ് നക്സൽ ബാധിതമായിരുന്ന 125 ജില്ലകളിൽ നിന്ന് ഇപ്പോൾ 11 എണ്ണം മാത്രമാണ് ശേഷിക്കുന്നത്, നക്സൽ ആധിപത്യം മൂന്ന് ജില്ലകളിൽ ഒതുങ്ങിഎന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റ ഭീഷണി
നുഴഞ്ഞുകയറ്റം രാജ്യത്തിൻ്റെ ഐക്യത്തിന് കടുത്ത ഭീഷണിയാണെന്ന് മോദി മുന്നറിയിപ്പ് നൽകി. വോട്ട് ബാങ്കിന് വേണ്ടി മുൻ സർക്കാരുകൾ രാജ്യസുരക്ഷ അപകടത്തിലാക്കി. നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടി വാദിക്കുന്നവർക്ക് രാജ്യം ദുർബലമായാലും പ്രശ്നമില്ല. എന്നാൽ രാജ്യത്തിൻ്റെ സുരക്ഷയും സ്വത്വവും അപകടത്തിലായാൽ, ഓരോ പൗരനും അപകടത്തിലാണ് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ഓരോ നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യാൻ നാം ദൃഢനിശ്ചയം ചെയ്യണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
വൈവിധ്യങ്ങളിലൂടെയുള്ള ഐക്യം എന്ന പട്ടേലിൻ്റെ സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. "ഐക്യമുള്ള ഇന്ത്യയിൽ, ആശയങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കണം. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, എന്നാൽ ഹൃദയങ്ങൾ തമ്മിൽ വ്യത്യാസമുണ്ടാകരുത്" എന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് മുൻപ് പ്രധാനമന്ത്രി സർദാർ പട്ടേലിൻ്റെ 182 മീറ്റർ ഉയരമുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തുി. സദസ്സിന് ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഏകീകരിക്കുന്നതിൽ പട്ടേൽ വഹിച്ച പങ്ക് അനുസ്മരിച്ച് 2014 മുതൽ എല്ലാ വർഷവും ഒക്ടോബർ 31 ദേശീയ ഐക്യ ദിനമായി ആചരിച്ചുവരുന്നു.
