ദില്ലി: പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിലെ അവസ്ഥയെ കുറിച്ച് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകന്‍. ക്രൂരമായി നിങ്ങളുടെ സെെന്യം നിസഹായരായ കശ്മീരികളെ കൊല്ലുകയാണെന്ന് കുറിച്ച് രണ്ട് ചിത്രങ്ങളാണ് അമീര്‍ അബ്ബാസ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ചത്.

പാക്കിസ്ഥാനിലെ ബോല്‍ നെറ്റ്‍വര്‍ക്കില്‍ അവതാരകനായ അമീര്‍ അബ്ബാസ് ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ഏറെ ഭയാനകമായിരുന്നു. ആയിരത്തിലധികം പേരാണ് ഇത് റീട്വീറ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയും ചിത്രങ്ങള്‍ പ്രചരിച്ചു. എന്നാല്‍, ഇത് രണ്ടും വ്യാജ ചിത്രങ്ങളാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ അല്ല, മറിച്ച് അതിലെ ഒരു ചിത്രം ഗാസയിലെയും മറ്റൊന്ന് 15 വര്‍ഷം മുമ്പത്തെ ചിത്രവുമാണെന്നാണ് ഇന്ത്യ ടുഡേയുടെ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370-ാം വകുപ്പും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ഇന്നലെ ലോക്സഭയും പാസാക്കിയിരുന്നു.  

ജമ്മു കശ്മീര്‍ വിഭജന ബില്ലിനെതിരെ 370 പേര്‍ അനുകൂലമായ വോട്ടു ചെയ്തപ്പോള്‍. 70 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.  കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയാനുള്ള ബില്ലില്‍ 366 പേര്‍ അനുകൂലമായും ബാക്കിയുള്ളവര്‍ എതിര്‍ത്തും വോട്ടു ചെയ്തു. രണ്ട് ബില്ലുകളും നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു.