ഇന്ത്യൻ സേനകളുടെ ത്രിശൂൽ സംയുക്ത സൈനിക അഭ്യാസത്തിന് മുന്നോടിയായി പാകിസ്ഥാൻ അതിർത്തി മേഖലയിൽ വ്യോമഗതാഗതം നിയന്ത്രിച്ചു. ഒക്ടോബർ 28, 29 തീയ്യതികളിലെ ഈ നിയന്ത്രണത്തിന് കാരണം വ്യക്തമാക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
ദില്ലി: ഇന്ത്യൻ സേനകൾ സംയുക്ത സൈനിക അഭ്യാസമായ ത്രിശൂലിന് തയ്യാറെടുക്കുന്നതിനിടെ, അതിർത്തി മേഖലയിൽ വ്യോമഗതാഗതം നിയന്ത്രിച്ച് പാകിസ്ഥാൻ നോട്ടീസിറക്കി. മധ്യ, തെക്കൻ വ്യോമപാതകളിൽ വ്യത്യസ്ത റൂട്ടുകളിലാണ് ഒക്ടോബർ 28, 29 തീയ്യതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാരണമൊന്നും വെളിപ്പെടുത്താതെയാണ് പാകിസ്ഥാൻ്റെ നീക്കം. എങ്കിലും സൈനിക അഭ്യാസത്തിനോ, ആയുധ പരീക്ഷണത്തിനോ സാധ്യത കൽപ്പിക്കപ്പെടുന്നു.
പാക് അതിർത്തിയിലെ സിർ ക്രീക്ക് മേഖലയിലാണ് ഇന്ത്യയുടെ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത സൈനിക അഭ്യാസമായ ത്രിശൂൽ നടത്താൻ നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 30 മുതൽ നവംബർ 10 വരെ തീയ്യതികളിൽ ഇതിനായി ഇന്ത്യ നോട്ടാം (Notice to Airmen) വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പാകിസ്ഥാൻ്റെ നീക്കം. ഒക്ടോബർ 28, 29 തീയ്യതകളിലാണ് പാകിസ്ഥാൻ വ്യോമപാതകളിൽ നിയന്ത്രണം കൊണ്ടുവന്നതെങ്കിലും കാരണം വ്യക്തമല്ലാത്തതിനാലാണ് ഇത് ചർച്ചയായത്.
ത്രിശൂൽ അഭ്യാസത്തിനായി ഇന്ത്യ നിശ്ചയിച്ച വ്യോമഭാഗം 28,000 അടി വരെ നീളമുള്ളതാണെന്ന് ഡാമിയൻ സൈമൺ പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. സൈനിക അഭ്യാസത്തിനായി തെരഞ്ഞെടുത്ത സ്ഥലവും പ്രദേശത്തിൻ്റെ വ്യാപ്തിയും സമീപ കാലത്ത് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സൈനിക അഭ്യാസങ്ങളിലൊന്നാണിതെന്ന് വ്യക്തമാക്കുന്നുണ്ട്. സേനകളുടെ സംയുക്ത പ്രവർത്തന ശേഷി, ആത്മനിർഭർത (സ്വാശ്രയത്വം), നവീകരണം എന്നിവ വ്യക്തമാക്കുന്നതാണ് ത്രിശൂൽ അഭ്യാസം.


