ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു.

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു. ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. 

ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാൻ സൈന്യം വിശദീകരിച്ചു. വാർത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്‍റെ വിശദീകരണം. അർദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിൽ 35 പേര്‍ക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ പറയുന്നു. എന്നാൽ ഇന്ത്യൻ സൈന്യത്തിന്‍റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളൂ.

പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേന പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് ഇന്ത്യൻ സേന വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു.