പാചക വാതകം, വെള്ളം തുടങ്ങി അവശ്യ സാധനങ്ങൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് നിർത്താൻ പ്രാദേശിക കച്ചവടക്കാർക്ക് പാക് സർക്കാർ അധികൃതർ നിർദേശം നൽകിയതായി റിപ്പോർട്ട്
ലാഹോർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അന്താരാഷ്ട്ര തലത്തിലുണ്ടായ അഭിമാനക്ഷതം മറയ്ക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ നടപടികൾ കർശനമാക്കി പാകിസ്ഥാൻ. പാകിസ്ഥാനിലെ ഒൻപത് ഭീകര ക്യാംപുകൾ ഇന്ത്യ തകർക്കുകയും നൂറിലേറ ഭീകരരെ ഓപ്പറേഷൻ സിന്ദൂറിലെ വധിക്കുകയും ചെയ്തതിന് പിന്നാലെയാണ് പാകിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ നിത്യജീവിതത്തിൽ വെല്ലുവിളികൾ സൃഷ്ടിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ നയതന്ത്രജ്ഞരുടെ വീടുകളിലേക്ക് നിത്യജീവിത സാമഗ്രഹികൾ വരെ വിലക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാൻ നടത്തിയിട്ടുള്ളത്. വിയന്ന കരാറിന്റെ ലംഘനമാണ് നേരിടുന്നതെന്നാണ് നയതന്ത്രജ്ഞ പ്രതിനിധികൾ പ്രതികരിക്കുന്നത്. ഇന്ത്യൻ ഹൈ കമ്മീഷന്റെ ഭാഗത്തേക്കുള്ള ഗ്യാസ് വിതരണം തടസപ്പെടുത്തുക, പ്രാദേശിക ഗ്യാസ് വിതരണം ലഭ്യമല്ലാതിരിക്കുക മുതൽ പാൽ, പത്രം അടക്കമുള്ളവ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് തടസ്സപ്പെടുത്തുന്ന കാഴ്ചകൾ പതിവാണെന്നാണ് പാകിസ്ഥാനെതിരെ ഉയരുന്ന വിമർശനം.
ഇന്ത്യൻ ഹൈകമ്മീഷൻ ജീവനക്കാർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ ഇസ്ലാമബാദിലെ എല്ലാ ഔട്ട്ലെറ്റുകൾ വിസമ്മതിക്കുന്നതായും കരാറുകാർ കൃത്യ സമയത്ത് വെള്ളമെത്തിക്കുന്നത് തടസപ്പെടുത്തുന്നതായും പരാതികൾ ഉയരുന്നുണ്ട്. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരിലേക്ക് എത്താതിരിക്കാനും ശ്രമങ്ങൾ സജീവമാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും പത്ര വിതരണം പൂർണമായും നിർത്തിവച്ചതോടെ പാക്കിസ്ഥാൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിർത്തിവച്ചിട്ടുണ്ട്.
നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ പരസ്യമായ ലംഘനമാണ് പാകിസ്ഥാനിൽ നടക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. പാചക വാതകം, വെള്ളം തുടങ്ങി അവശ്യ സാധനങ്ങൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് നിർത്താൻ പ്രാദേശിക കച്ചവടക്കാർക്ക് പാക് സർക്കാർ അധികൃതർ നിർദേശം നൽകിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
