ഉച്ചതിരിഞ്ഞ് 3.35ന് പാകിസ്ഥാന്‍റെ ഡിജിഎംഒ ഇന്ത്യയെ വിളിക്കുകയായിരുന്നുവെന്ന് വിക്രം മിശ്രി.
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് പാകിസ്ഥാനെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഉച്ചതിരിഞ്ഞ് 3.35ന് പാകിസ്ഥാന്‍റെ ഡയറക്ടര്‍ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യയുടെ ഡയറക്ടര്‍ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിനെ ഫോണിൽ വിളിക്കുകയായിരുന്നു. കരയിലോ വായുവിലോ കടലിലോ സൈനിക നടപടികൾ ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും വൈകുന്നേരം 5 മണി മുതല്‍ വെടിനിര്‍ത്തൽ നിലവിൽ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിൽ ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടിട്ടില്ലെന്ന് വിക്രം മിശ്രി പറഞ്ഞു. ഇക്കാര്യം ആദ്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍റെ ഡിജിഎംഒ ആണെന്നും ഇരു രാജ്യങ്ങൾക്കിടയിലും നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണ പ്രാബല്യത്തിൽ വരുത്തുന്നതിന് ഇരുവശത്തും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിക്ക് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വീണ്ടും ചർച്ച നടത്തുമെന്നും വിക്രം മിശ്രി അറിയിച്ചു.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ച വിവരം അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപാണ് ആദ്യം പുറത്തുവിട്ടത്. ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്ന് ട്രംപ് എക്സിൽ കുറിക്കുകയും ചെയ്തു.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ ആശയവിനിമയം നടത്തിയിരുന്നു.


