Asianet News MalayalamAsianet News Malayalam

പ്രതിഷേധം കടുപ്പിച്ച് പാക്കിസ്ഥാൻ; ഹൈക്കമ്മീഷണറെ പുറത്താക്കിയതിന് പിന്നാലെ വ്യോമമേഖലയും അടച്ചു

ബാലാകോട്ട് മിന്നലാക്രമണത്തിന് പിന്നാലെ ഏറെക്കാലത്തേക്ക് അടച്ചിട്ട പാക് വ്യോമമേഖല കഴിഞ്ഞ മാസം മാത്രമാണ് വീണ്ടും തുറന്ന് കൊടുത്തത്. 

Pakistan closes its airspace till September 5
Author
Islamabad, First Published Aug 7, 2019, 10:54 PM IST


ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും ദേശീയസുക്ഷാസമിതി യോഗം തീരുമാനിച്ചതിന് പിന്നാലെ പാക്കിസ്ഥാൻ വ്യോമമേഖലയും ഭാഗികമായി അടച്ചു. അടുത്ത മാസം അഞ്ചാം തീയതി വരെയാണ് പാക്കിസ്ഥാൻ വ്യോമമേഖല ഭാഗികമായി അടച്ചത്, ബാലാകോട്ട് മിന്നലാക്രമണത്തിന് പിന്നാലെ ഏറെക്കാലത്തേക്ക് അടച്ചിട്ട പാക് വ്യോമമേഖല കഴിഞ്ഞ മാസം മാത്രമാണ് വീണ്ടും തുറന്ന് കൊടുത്തത്. 

ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ പാകിസ്ഥാന്‍ നിലപാട് കടുപ്പിക്കുകയാണ്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയസുക്ഷാസമിതി യോഗം തീരുമാനിച്ചിരുന്നു. അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ കരസേനയോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുമെന്നും ഇസ്മാബാദിലുള്ള ഇന്ത്യന്‍ അംബാസിഡറെ ദില്ലിയിലേക്ക് തിരിച്ചയക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തു. 

കശ്‍മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും ആഗസ്റ്റ് 14-ലെ പാകിസ്ഥാന്‍റെ ദേശീയസ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. കശ്മീരിലെ ഇന്ത്യയുടെ ഇടപെടല്‍ സാധ്യമായ വഴികളിലൂടെയെല്ലാം അന്താരാഷ്ട്രവേദികളില്‍ എത്തിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി സര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിച്ച് സംസ്ഥാനത്തെ ഇന്ത്യ വിഭജിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ പാര്‍ലമെന്‍റ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സംയുക്തസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും ഇത് ദൂരവ്യാപകപ്രത്യാഘാതം സൃഷ്ടിക്കുമെന്നുമാണ് ഇമ്രാന്‍ഖാന്‍ സമ്മേളനത്തില്‍ പറഞ്ഞത്. പുല്‍വാമ മോഡല്‍ ആക്രമണങ്ങള്‍ ഇനിയും ഇന്ത്യയിലുണ്ടാവുമെന്നും ഇതില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ വരേണ്ടെന്നും ഇമ്രാന്‍ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios