ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്ത്യയിൽ നിന്നുള്ള സിനിമകളും പരസ്യങ്ങളും നിരേധിക്കുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കാൻ സിനിമാ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തുവെന്നും ഫവാദ് അറിയിച്ചു. പാകിസ്ഥാനിൽ  ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സിനിമകൾക്ക് പുറമേ പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്റിയോട് ഇന്ത്യന്‍ പരസ്യങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫവാദ് ചൗധരി വ്യക്തമാക്കി.

പുൽവാമ ആകമണത്തിന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് കഴിഞ്ഞ ദിവസം  ഇന്ത്യ നല്‍കിയത്. പുലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്.  പാകിസ്ഥാനിലെ ജെയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങൾ സേന തകർത്തു. പുൽവാമ ആക്രമണത്തിന് ശേഷം തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രിയെന്നാണ് റിപ്പോർട്ട്. 

തിരിച്ചടിയെ തുടര്‍ന്ന് ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് സേനവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ബാലകോട്ട്, ചകോട്ടി, മുസഫറാബാദ് എന്നിവിടങ്ങളിലെ തീവ്രവാദ ക്യാമ്പുകളാണ് ആക്രമിച്ചത്.