ശ്രീനഗര്‍: താഴ്‍വരയിലെ ജനങ്ങളില്‍ വൈറസ് വ്യാപിപ്പിക്കാനായി പാകിസ്ഥാന്‍ കൊവിഡ് 19 ബാധിച്ചവരെ കശ്മീരിലേക്ക് തള്ളി വിടുകയാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ കശ്മീരിലേക്ക് അയക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും നാള്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. ഇപ്പോള്‍ കശ്മീരിലെ ജനങ്ങള്‍ക്ക് വൈറസ് ബാധയേല്‍ക്കാന്‍ കൊവിഡ് ബാധിച്ചവരെ അയക്കുകയും ചെയ്യുന്നു. മുന്‍കരുതല്‍ സ്വീകരിക്കേണ്ട കാര്യമാണിതെന്ന് കൊറോണ വൈറസ് അവലോകനത്തിന് ശേഷം ദില്‍ബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഫ്റ്റനന്‍റ്  ഗവര്‍ണര്‍ ആര്‍ ആര്‍ ബട്നഗറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കശ്മീരിലെ കൊവിഡ് സ്ഥിതിയിയെ കുറിച്ചുള്ള അവലോകന യോഗത്തിലും ഡിജിപി പങ്കെടുത്തു. ലോകമാകെ കൊവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ്. എന്നാല്‍, കശ്മീരിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളെ തടസപ്പെടുത്താന്‍ തീവ്രവാദികളെ സ്പോണ്‍സര്‍ ചെയ്യുകയാണ് പാകിസ്ഥാന്‍.

ഈ ആരോഗ്യ പ്രതിസന്ധി ഘട്ടത്തിലും മേഖലയില്‍ സമാധാനവും ക്രമസമാധാനവും പുലരാന്‍ നമ്മുടെ സേനകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ലോഞ്ചിംഗ് പാഡുകളിലെ തീവ്രവാദികള്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് വ്യക്തമായതായും ദില്‍ബാഗ് സിംഗ് അവകാശപ്പെട്ടു.