ദില്ലി: ജമ്മു കശ്മീര്‍, ലഡാക്ക്, ഗുജറാത്തിലെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയതില്‍ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. പാകിസ്ഥാന്റെ നടപടി രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ പ്രതികരിച്ചു. ആഗോള സ്വീകാര്യതയോ വിശ്വാസ്യതയോ ഇല്ലാതെ പാകിസ്ഥാന്‍ പുറത്തിറക്കിയ ഭൂപടം പരിഹാസ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു മാറ്റിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഭൂപട വിവാദമുണ്ടാകുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ജമ്മു കശ്മീര്‍, ലഡാക്ക്, പടിഞ്ഞാറന്‍ ഗുജറാത്തിലെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുതിയ ഭൂപടം പുറത്തിറക്കിയത്. 

പാകിസ്ഥാന്‍ പ്രധാനമന്ത്രി പുറത്തിറക്കിയ രാഷ്ട്രീയ ഭൂപടം ശ്രദ്ധയില്‍പ്പെട്ടെന്നും പാകിസ്ഥാന്റെ നടപടി രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പാകിസ്ഥാന്റെ നടപടി പരിഹാസ്യമാണെന്നും നിയമസാധുതയോ അന്താരാഷ്ട്ര സമ്മതിയോ ഇല്ലെന്നും അതിര്‍ത്തിയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പാകിസ്ഥാന്‍ പിന്തുണക്കുന്നതിന്റെ തെളിവാണിതെന്നും ഇന്ത്യ വ്യക്തമാക്കി. 

ചൊവ്വാഴ്ച മാപ്പ് പുറത്തിറക്കിയ ഇമ്രാന്‍ ഖാന്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ ഇന്ത്യയുടെ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ കാബിനറ്റ് അംഗീകരിച്ച ഭൂപടമാണെന്നും സ്‌കൂളുകളടക്കമുള്ള ഔദ്യോഗിക സ്ഥാപനങ്ങളില്ലെല്ലാം പുതിയ ഭൂപടമായിരിക്കും ഉപയോഗിക്കുകയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നേരത്തെ ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളും പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു.