ദില്ലി: പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് തുടര്‍ച്ചയായി നയതന്ത്ര സഹായം നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളി. നേരത്തെ, അന്താരാഷ്ട്ര കോടതിയുടെ വിധിയെ തുടര്‍ന്ന് കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ പാകിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍, കശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് ശേഷം കുല്‍ഭൂഷന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞു. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ അവസാനിപ്പിച്ചെന്ന് പാകിസ്ഥാന്‍ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച കുല്‍ഭൂഷനെ കാണാന്‍ പാകിസ്ഥാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയിരുന്നു.

എന്നാല്‍, പാകിസ്ഥാന്‍റെ അനുമതി നിരസിച്ച ഇന്ത്യ, കുല്‍ഭൂഷന് തുടര്‍ച്ചയായി നയതന്ത്ര സഹായം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഈ വിഷയം പാകിസ്ഥാന്‍ പരിഗണിക്കവെയാണ് കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. 2016ലാണ് ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷന്‍ ജാദവിനെ പിടികൂടിയത്. 2017ല്‍ പാകിസ്ഥാന്‍ സൈനിക കോടതി ജാദവിനെ വധശിക്ഷക്ക് വിധിച്ചു.