Asianet News MalayalamAsianet News Malayalam

പിഎഫ്ഐ പ്രതിഷേധം: 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കിയവര്‍ക്ക് കുരുക്ക്; രാജ്യദ്രോഹക്കുറ്റം ചുമത്തും

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഛത്രപതി ശിവജിയുടെ നാട്ടിൽ ഇത്തരം മുദ്രാവാക്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ പറഞ്ഞു.

Pakistan zindabad slogans in pfi protest Maharashtra to file sedition case
Author
First Published Sep 26, 2022, 7:48 PM IST

മുംബൈ: എന്‍ഐഎ നടത്തിയ പരിശോധനയെ തുടര്‍ന്നുണ്ടായ അറസ്റ്റുകള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തിയ പ്രതിഷേധത്തിനിടെ 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം ഉയര്‍ന്നുവെന്നുള്ള റിപ്പോര്‍ട്ടില്‍ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഛത്രപതി ശിവജിയുടെ നാട്ടിൽ ഇത്തരം മുദ്രാവാക്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ പറഞ്ഞു.

അത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങളൊന്നും അനുവദിക്കില്ല. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയെന്ന് ഇക്കോണമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ഈ വിഷയത്തില്‍ വലിയ വിമര്‍ശനം ഉന്നയിച്ചു. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലും ഇന്ത്യയിലും ഇത്തരം മുദ്രാവാക്യങ്ങൾ അംഗീകരിക്കുന്നില്ല.

ഇന്ത്യയിൽ പാക്കിസ്ഥാന്റെ മുദ്രാവാക്യങ്ങൾ ഉയർന്നാൽ അവരെ വെറുതെ വിടില്ലെന്നും ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു. പൂനെയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിലാണ് മുദ്രാവാക്യം ഉയര്‍ന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പൂനെയിലെ ജില്ലാ കളക്ടർ ഓഫീസിന് പുറത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഘടനയ്‌ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

40 പേരെയാണ് ഇതേത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ ഇരുത്തുമ്പോൾ 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. നിയമവിരുദ്ധമായി സംഘം ചേർന്നതിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ടെന്നും മുദ്രാവാക്യങ്ങളുടെ കാര്യം ഞങ്ങൾ പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ പട്ടീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനും അനധികൃതമായി സംഘം ചേർന്നതിനും റോഡ് ഉപരോധിച്ചതിനും ബണ്ട്ഗാർഡൻ പൊലീസ് സ്റ്റേഷനില്‍ 60 ലധികം പിഎഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. 

'പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം'; പിഎഫ്ഐയെ നിരോധിക്കണമെന്ന് ബിജെപി
 

Follow Us:
Download App:
  • android
  • ios