കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും ബാജ്വ അഭിപ്രായപ്പെട്ടു. പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി എന്താകുമെന്ന് ഇന്ന് അറിയാനിരിക്കെയാണ് സൈനിക മേധാവിയുടെ പ്രസ്താവന. 

ദില്ലി: ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്താൻ സൈനിക മേധാവി (Pakistan Army Chief) ജനറൽ ഖമർ ജാവേദ് ബാജ്വ (Qamar Bajwa ). കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും ബാജ്വ അഭിപ്രായപ്പെട്ടു. 

പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി എന്താകുമെന്ന് ഇന്ന് അറിയാനിരിക്കെയാണ് സൈനിക മേധാവിയുടെ പ്രസ്താവന. പ്രതിപക്ഷം (opposition) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ (non confidence motion) ഇന്നാണ് വോട്ടെടുപ്പ്. അവിശ്വാസ പ്രമേയത്തിലെ ചർച്ചയും വോട്ടെടുപ്പുമാണ് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിന്റെ പ്രധാന അജണ്ട. സർക്കാരിലെ രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഇമ്രാൻ സർക്കാരിന്റെ ഭാവി തുലാസിലാണ്. നാടകീയമായ നീക്കങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇമ്രാന്റെ ന്യൂനപക്ഷ സർക്കാർ ഇന്ന് നിലം പൊത്തും. തന്റെ സർക്കാരിനെ വീഴ്ത്താൻ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച ഇമ്രാൻ പാകിസ്ഥാനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. ഇന്നലെ വൈകീട്ട് നടത്തിയ ടിവി അഭിസംബോധനയിലാണ് പ്രതിഷേധ ആഹ്വാനം. തലസ്ഥാനമായ ഇസ്ലാമാബാദിലും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി തെരഞ്ഞെടുപ്പും ഇന്ന് നടക്കും.

ഇതിനിടെ പാകിസ്താനിൽ സ്ഥിതി സങ്കീർണമാകുകയാണ്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാലും അധികാരം ഒഴിയില്ലെന്ന സൂചന നൽകിയിരിക്കുകയാണ് ഇമ്രാൻ ഖാൻ. ഇന്ന് തെരുവിൽ പ്രതിഷേധിക്കാൻ അണികളോട് ഇമ്രാൻ ഖാൻ ആഹ്വാനെ ചെയ്തിട്ടുണ്ട്. 
ഭരണം അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയിൽ പ്രതിഷേധിക്കാൻ ആണ് ആഹ്വാനം. അധികാരത്തിലേറാൻ കുപ്പായം തുന്നിയവർക്ക് തിരിച്ചടിയേൽക്കും. ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകാൻ പോകുന്നില്ലെന്ന് ഇമ്രാൻ ഖാൻ പറയുന്നു. പാർലമെൻ്റ് മന്ദിരം വൻ സുരക്ഷാ വലയത്തിൽ ആയിട്ടുണ്ട്. 10000 സുരക്ഷാ ഭടന്മാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

'ജീവൻ അപകടത്തിലാണ്, ഭയമില്ല'; ഇമ്രാൻ ഖാൻ

തന്റെ ജീവൻ അപകടത്തിലാണെന്ന് ഇമ്രാൻ ഖാൻ പറയുന്നു. തന്റെ ജീവൻ അപകടത്തിലാണെന്ന് വിശ്വസനീയമായ ഇടത്തുനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ഭയക്കുകയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സ്വതന്ത്രവും ജനാധിപത്യപരവുമായ പാകിസ്താനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേ‍ർത്തു.

സൈന്യം മൂന്ന് അവസരങ്ങളാണ് തനിക്ക് തന്നിരിക്കുന്നത്. ഒന്ന്, അവിശ്വാസ വോട്ട്, നേരത്തെയുള്ള തിരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കൽ. തന്റെ ജീവൻ അപകടത്തിലാണെന്ന് മാത്രമല്ല, വിദേശ കൈകളിൽ കളിക്കുന്ന പ്രതിപക്ഷം തന്റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

"എന്റെ ജീവനും അപകടത്തിലാണെന്ന് ഞാൻ എന്റെ രാജ്യത്തെ അറിയിക്കട്ടെ, എന്റെ സ്വഭാവഹത്യയ്ക്കും അവർ പദ്ധതിയിട്ടിട്ടുണ്ട്. എന്റെ മാത്രമല്ല, എന്റെ ഭാര്യയുടേത് കൂടി," 69 കാരനായ ഇമ്രാൻ ഖാൻ വ്യക്തമാക്കി. പ്രതിപക്ഷം തനിക്ക് എന്ത് ഓപ്ഷനുകളാണ് നൽകിയതെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോട് സംസാരിക്കണമെന്ന് താൻ കരുതുന്നില്ലെന്ന് ഖാൻ പറഞ്ഞു.

"നമ്മൾ (അവിശ്വാസ വോട്ട്) അതിജീവിക്കുകയാണെങ്കിൽ നേരത്തെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല ഓപ്ഷൻ, എനിക്ക് കേവല ഭൂരിപക്ഷം നൽകാൻ ഞാൻ എന്റെ രാജ്യത്തോട് അഭ്യർത്ഥിക്കും” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്ന് വിശേഷിപ്പിച്ച ഖാൻ, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കൾ എംബസികൾ സന്ദർശിക്കുന്നതായി തനിക്ക് റിപ്പോർട്ടുകൾ ലഭിച്ചെന്നും കൂട്ടിച്ചേ‍ർത്തു. ഹുസൈൻ ഹഖാനിയെപ്പോലുള്ളവർ ലണ്ടനിൽ വെച്ച് നവാസ് ഷെരീഫിനെ കണ്ടുവെന്നും ഖാൻ പറഞ്ഞു. 

മാർച്ച് 31 ന് രാജ്യത്തെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ ഒരു വിദേശ രാജ്യം തന്റെ പ്രധാനമന്ത്രി പദത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, അവിശ്വാസ വോട്ടിലൂടെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് ഖാൻ ആവർത്തിച്ചു. തന്റെ സ്വതന്ത്ര വിദേശ നയത്തെ വിദേശ രാജ്യം എതിർത്തതായും ഖാൻ പറഞ്ഞതായി എആ‍ർവൈ ന്യൂസ് റിപ്പോ‍ർട്ട് ചെയ്യുന്നു. 

ഒരു ഭരണമാറ്റം ആവശ്യപ്പെടുക മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന് വ്യക്തമായി പരാമർശിക്കുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ ഞായറാഴ്ചത്തെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി ഇമ്രാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചന രാജ്യത്തിന്റെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾക്ക് ശേഷം സർക്കാർ തീരുമാനമനുസരിച്ച് ഇമ്രാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചതായി ചൗധരിയെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.