ദക്ഷിണ ദില്ലിയിലെ ഛത്തർപൂർ എന്ന പ്രദേശം ഫാം ഹൗസുകളാൽ സമ്പന്നമാണ്. ഈ ഫാം ഹൗസുകൾ അവസാനിക്കുന്നിടത്തുനിന്ന് അശോക-ഭാട്ടി വന്യജീവിസങ്കേതം തുടങ്ങുകയായി. ദില്ലി-ഹരിയാന അതിർത്തിയിൽ ഇതിനു രണ്ടിനും ഇടയിലായി ഒരു കൊച്ചു ഗ്രാമമുണ്ട്, ഭാട്ടി മൈൻസ് വില്ലേജ്. നഗരം അവസാനിച്ച് ഗ്രാമം തുടങ്ങുന്ന ഈ ഭൂപ്രദേശത്ത് വലിയൊരു ചേരി നമുക്ക് കാണാം. ജനം അതിനെ വിളിക്കുന്ന പേരാണ്, പാകിസ്ഥാനി മൊഹല്ല.
 


 

2016 -ൽ ഈ മൊഹല്ല ഒരിക്കൽ പത്രങ്ങളുടെ തലക്കെട്ടിൽ ഇടം നേടുകയുണ്ടായി. അത് അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് നേരിട്ട് ഇടപെട്ട് ഇവിടത്തെ മധു എന്ന് പേരായ ഒരു പാകിസ്താനി ഹിന്ദു പെൺകുട്ടിക്ക് സ്ഥലത്തെ സ്‌കൂളിൽ പ്രവേശനം സാധ്യമാക്കിയപ്പോഴായിരുന്നു. ആവശ്യമായ രേഖകളില്ല എന്ന കാരണം പറഞ്ഞ് സ്ഥലത്തെ സ്‌കൂളുകൾ ഒന്നൊന്നായി കുട്ടിക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നു എന്നുള്ള പത്രറിപ്പോർട്ടുകളെത്തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.

മധു ഭാഗ്യവതിയായിരുന്നു. കാരണം, അവളുടെ കേസ് സുഷമാ സ്വരാജിന്റെ കണ്ണിൽ പെട്ടു. അവൾക്ക് നീതി കിട്ടി. എന്നാൽ, പാകിസ്ഥാനി മൊഹല്ലയിൽ എത്രയോ പെൺകുട്ടികൾ മധുവിന്റെ അതേ അവസ്ഥയിൽ, പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട് കഴിഞ്ഞുകൂടുന്നുണ്ട്. അവർക്കൊക്കെയുമുള്ളത് ഒരേ പ്രശ്നമാണ്. പാകിസ്ഥാനിൽ നിന്ന് നാടും വീടുമിട്ടെറിഞ്ഞ് പെട്ടെന്നൊരുനാൾ ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോൾ അവരുടെ മാതാപിതാക്കൾ കൃത്യമായ രേഖകൾ സംഘടിപ്പിച്ചിരുന്നില്ല. രണ്ടു രേഖകളാണ് ഇവിടെ സ്‌കൂളുകൾക്ക് വേണ്ടത്. ഒന്ന്, പാകിസ്താനിലെ അവർ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റ്. രണ്ട്, ഇവിടെ ഇന്ത്യയിലെ സ്ഥിരതാമസക്കാരാണ് അവരെന്ന് തെളിയിക്കുന്ന രേഖ. രണ്ടും എന്തായാലും പാകിസ്താനി മൊഹല്ല എന്ന നരകത്തിനുള്ളിൽ പാർക്കുന്ന ഒരൊറ്റക്കുട്ടിക്കും  ഉണ്ടെന്നു തോന്നുന്നില്ല.  
 


 

അങ്ങനെയുള്ള കുട്ടികൾക്ക് പഠിക്കാനുള്ള അവസരം നൽകണം എന്ന് സ്‌കൂളധികൃതർക്ക് തോന്നിയാൽ തന്നെ, അവർ തെറ്റിക്കേണ്ടി വരിക നിരവധി നിയമങ്ങളാണ്. സ്വന്തം ജോലി അപകടത്തിലാക്കിക്കൊണ്ട് അത്തരം നിയമലംഘനങ്ങൾക്ക് ആരാണ് മുതിരുക? പൗരത്വനിയമത്തിൽ ഭേദഗതി ചെയ്യുന്നു എന്ന് കേട്ടതോടെ പ്രതീക്ഷകൾ വീണ്ടും ഉണർന്നിരിക്കുന്നത് പാകിസ്താനി മൊഹല്ല എന്ന ഈ ചേരിയിലെ കുട്ടികളുടെ കണ്ണുകളിലാണ്.

1965 -ലെ ഇന്തോ പാക് യുദ്ധകാലത്താണ് ഇന്ത്യയിലേക്ക് പാകിസ്താനി ഹിന്ദുക്കളുടെ അഭയം തേടിയുള്ള ഒഴുക്ക് ശക്തമാകുന്നത്. അത് എഴുപതുകളിലും തുടർന്നു. അന്ന് അങ്ങനെ അഭയം തേടി വന്നവർ കെട്ടിപ്പൊക്കിയതാണ് ഭാട്ടി മൈൻസ് വില്ലേജിൽ ഇന്നുകാണുന്ന ഈ തൊട്ടാൽ മറിഞ്ഞുവീഴുന്ന കെട്ടിടങ്ങൾ. ഇന്ന് ഈ ചേരിയിൽ നൂറിലധികം പാക് ഹിന്ദു കുടുംബങ്ങൾ താമസിക്കുന്നുണ്ട്.അവിടെ നസീറ എന്ന് പേരായ ഒരു നാല്പതുകാരിയുണ്ട്. അവർ ഇന്ത്യയിലേക്ക് വന്നത് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള ഉമർക്കോട്ട് എന്ന സ്ഥലത്തുനിന്നാണ്.  " നിങ്ങളുടെ പേര് നസീറ എന്നല്ലേ? പിന്നെന്തിനാണ് നാടുവിട്ടോടി ഇങ്ങോട്ടു പോന്നത് ?" ഈ ചോദ്യം നസീറയ്ക്ക് പുതുമയല്ല. അതുകൊണ്ടുതന്നെ ഉത്തരവും റെഡിയാണ്. " മുസ്ലിം പേരുകളുള്ള ഹിന്ദുക്കൾ പാകിസ്ഥാനിൽ നിരവധിയുണ്ട്. എന്റെ പേരങ്ങനെ ആണെന്നേയുള്ളൂ ഞാൻ ഹിന്ദു തന്നെയാണ്" നസീറ പറയും. നിങ്ങൾ പിന്നെയും സംശയം പ്രകടിപ്പിച്ചാൽ അവർ നിങ്ങളെ പാകിസ്താനി മൊഹല്ലയിലെ അവരുടെ ഒറ്റമുറിവീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ആ മുറിക്കുള്ളിൽ അവർ വെച്ചുപൂജിക്കുന്ന ഹിന്ദു ദൈവങ്ങളുടെ ചില്ലിട്ട ചിത്രങ്ങൾ കാണിക്കും. എന്നിട്ട് ചോദിക്കും, " ഇപ്പോൾ വിശ്വാസമായോ..?"

പ്രാഥമികമായ സൗകര്യങ്ങൾ പോലും പാകിസ്താനി മൊഹല്ലയിൽ ഒരു ലക്ഷ്വറിയാണ്. മൊഹല്ലയ്ക്ക് വൈദ്യുതി/ വെള്ള കണക്ഷനുകൾ ഇല്ല. സ്‌കൂളിൽ പോയി തിരിച്ചു വരുന്ന കുട്ടികൾ വഴിയിൽ നിന്ന് പെറുക്കിക്കൊണ്ടു വരുന്ന വിറകിലാണ് പാചകം നടത്തുന്നത്. " പാകിസ്താനിലെ അവസ്ഥ ഇത്ര മോശമാണോ ? " എന്ന ചോദ്യത്തിന്  നസീറ പറയുന്ന മറുപടി ഇതാണ്," അല്ല. അവിടെ ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകളുണ്ടായിരുന്നു. വെള്ളം, കറന്റ് എല്ലാമുണ്ടായിരുന്നു. പക്ഷേ, അവിടില്ലാതിരുന ഒന്ന് ഇവിടുണ്ട്, സ്വൈരം"
 


 

പാകിസ്ഥാനിൽ അവർ കഴിഞ്ഞിരുന്നത് ഒരു ഹിന്ദു കോളനിയിലായിരുന്നു. അവിടെ അവർ ഏറെക്കുറെ സുരക്ഷിതരായിരുന്നു എങ്കിലും, പ്രശ്നങ്ങൾ ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ഭീതിയുടെ നിഴലിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. "ക്രിക്കറ്റ് മത്സരങ്ങളാണ് സംഘർഷത്തിനിടയാക്കുന്ന മറ്റൊരു സാഹചര്യം. ഇന്ത്യൻ ടീമിനെ സപ്പോർട്ട് ചെയ്‌തതിന്റെ പേരിൽ മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് പലർക്കും. ആഘോഷങ്ങൾക്കിടയിലാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാകുക. ദീപാവലിക്ക് പടക്കം പൊട്ടിക്കാനൊന്നും പറ്റില്ലായിരുന്നു. അടുത്ത വീട്ടുകാർ വന്നു പ്രശ്നമുണ്ടാക്കും. ഹോളി കളിക്കുമ്പോഴൊക്കെ കുട്ടികളോട് പലവട്ടം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടി വന്നിരുന്നു. കാരണം,  ഹോളിയുടെ നിറം ഏതെങ്കിലും പാകിസ്താനിയുടെ ദേഹത്തൊന്നു വീണാൽ, അതുമതി അവിടെ ഒരു വർഗീയ ലഹളയുണ്ടാകാൻ.." സിന്ധ് പ്രവിശ്യയിലെ മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളെപ്പറ്റി നസീറ സ്വരാജ്യ മാഗസിനോട് പറഞ്ഞു.

"ഞങ്ങളുടെ കുട്ടികളെ അങ്ങ് പാകിസ്ഥാനിലെ സ്‌കൂളുകളിൽ പോകുമ്പോൾ അവർ ഹിന്ദുക്കൾ എന്നും പറഞ്ഞായിരുന്നു ഒറ്റപ്പെടുത്തിയിരുന്നതും കളിയാക്കിയിരുന്നതും. ഇവിടെത്തെ സ്‌കൂളുകളിൽ അവർക്ക് നേരിടേണ്ടി വരുന്നത് 'പാകിസ്ഥാനികൾ' എന്നപേരിലുള്ള പരിഹാസങ്ങളാണ്. "  മൊഹല്ലയിലെ ആശ എന്ന സ്ത്രീ പരിഭവമെന്നോണം പറഞ്ഞു. " പാകിസ്ഥാനിൽ ഞങ്ങളുടെ പെൺകുട്ടികൾ തീരെ സുരക്ഷിതരല്ലായിരുന്നു. അവിടത്തെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തട്ടിക്കൊണ്ടു പോകലായിരുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി, ബലാത്സംഗം ചെയ്ത നിരവധി കേസുകളുണ്ട്. പലപ്പോഴും നിർബന്ധിച്ച് മതവും മാറ്റും അവർ" ആശ തുടർന്നു.

പൗരത്വനിയമത്തിൽ ഇപ്പോൾ വന്ന ഭേദഗതികൾ തങ്ങളുടെ അഭയാർത്ഥി ജീവിതത്തിന് അവസാനമുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് പാകിസ്താനി മൊഹല്ലയിൽ വളരെ പരിതാപകരമായ സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുന്ന, പാകിസ്ഥാനിൽ നിന്ന് അഭയാർഥികളായി എത്തിപ്പെട്ട ഈ ഹിന്ദു കുടുംബങ്ങൾ. പൗരത്വം തങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വീടുകളും, ഇന്ത്യയിൽ തന്നെ മെച്ചപ്പെട്ട തൊഴിലുകളും, തങ്ങളുടെ മക്കൾക്ക് അവർ അർഹിക്കുന്ന വിദ്യാഭ്യാസവും കിട്ടാൻ സഹായിക്കും എന്ന് അവർ പ്രതീക്ഷിക്കുന്നു, അതിന് എത്ര കാലതാമസം ഇനിയുമുണ്ടാകും എന്നതിൽ മാത്രമാണ് അവർക്ക് സംശയമുള്ളത്.