ന്യൂയോര്‍ക്ക്: ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ അദ്ധ്യക്ഷ മിഷെൽ ബച്ച് ലേറ്റ്. ജനീവയിൽ തുടങ്ങിയ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഉദ്ഘാടന സെഷനിൽ തന്നെ കശ്മീർ ചർച്ചാവിഷയമാവുകയായിരുന്നു.  

ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണറും ചിലിയുടെ മുൻ പ്രസിഡന്‍റുമായ മിഷെൽ ബച്ച് ലേറ്റാണ് വിഷയം പരാമർശിച്ചത്. നിയന്ത്രണരേഖയുടെ ഇരുവശത്തും നിന്നും വരുന്ന റിപ്പോർട്ടുകളിൽ ആശങ്കയുണ്ട്. ഇന്‍റര്‍നെറ്റിനുൾപ്പടെയുള്ള നിയന്ത്രണങ്ങൾ നീക്കണം. കശ്മീർ ജനതയുമായി ഇന്ത്യ ചർച്ച നടത്തണമെന്നും ബച്ച് ലേറ്റ് പറഞ്ഞു. 

കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ കൊണ്ടുവന്ന പ്രമേയം കൗൺസിൽ ചർച്ച ചെയ്തേക്കും. മനുഷ്യാവകാശ ലംഘനം എന്ന പാക് വാദം തള്ളുന്നതിനുള്ള തെളിവുകൾ ഇന്ത്യ കൗൺസിലിൽ അവതരിപ്പിക്കും. നിയന്ത്രണങ്ങൾ നീക്കിയതിന്‍റെ വിശദാംശങ്ങളും കൗൺസിലിൽ വിതരണം ചെയ്യും. പാകിസ്ഥാൻ പ്രമേയം വോട്ടിനിടുമ്പോൾ പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമം. ആകെ 47 രാജ്യങ്ങൾക്കാണ് കൗൺസിലിൽ വോട്ടുള്ളത്. 

ലാറ്റിനമേരിക്കയിലേയും, യൂറോപ്പിലേയും രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ തേടി. അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളും ഇന്ത്യയെ പിന്തുണയ്ക്കും. പാകിസ്ഥാൻ മടക്കി അയച്ച ഹൈക്കമ്മീഷണർ അജയ് ബിസാരിയയേയും ഇന്ത്യ ജനീവയിലെ നീക്കങ്ങൾക്ക് നിയോഗിച്ചു. ഐക്യരാഷ്ട്ര പൊതുസഭ സമ്മേളനത്തിൽ നരേന്ദ്രമോദിയും ഇമ്രാൻഖാനും ഈ മാസം അവസാനം സംസാരിക്കാനിരിക്കെയാണ് മനുഷ്യവകാശ കൗൺസിലിലെ ഈ ഏറ്റുമുട്ടൽ.