പാകിസ്ഥാൻ വീണ്ടും വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ബിക്കാനീറിന് സമീപമാണ് വ്യോമാതിർത്തി ലംഘിക്കാൻ ശ്രമമുണ്ടായത്.
ദില്ലി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍റെ ആളില്ലാ വിമാനത്തെ വ്യോമസേന വെടിവച്ചിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. രാവിലെ പതിനൊന്നരയോടെയാണ് രാജസ്ഥാനിലെ ബിക്കാനീര്‍ മേഖലയില്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ പാക്കിസ്ഥാന്‍റെ ശ്രമമുണ്ടായത്. ആളില്ലാ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നത് റഡാറില്‍ പെട്ടതോടെ വ്യോമസേന തിരിച്ചടിച്ചു.
സുഖോയ് പോര്‍ വിമാനങ്ങള്‍ ആളില്ലാ വിമാനത്തെ വെടിവച്ചിട്ടു. അവശിഷ്ടങ്ങള്‍ പാക്കിസ്ഥാനിലെ ഫോര്‍ട്ട് അബ്ബാസിന് സമീപം പതിച്ചു. ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചെന്നും ഫോര്‍ട്ട് അബ്ബാസില്‍ ബോംബിട്ടെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഇത് പാക്ക് വ്യോമ സേന ഉദ്യോഗസ്ഥര്‍ നിഷേധിച്ചതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശത്ത് നിരീക്ഷണം നടത്തിയ പാക്ക് വ്യോമസേന അതിന്‍റെ ഒരു ഇന്ധന ടാങ്ക് ഉപേക്ഷിച്ചതാണെന്ന് പാക്ക് വ്യോമസേന പറഞ്ഞതായും അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ഇന്നും പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
