ഔറംഗബാദ്: അഞ്ച് വര്‍ഷം മുമ്പ് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ നാടുകടത്താന്‍ പ്രമേയം പാസാക്കി പഞ്ചായത്ത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. നാട്ടില്‍ തന്നെ ഒഴിവാകാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിക്കുകയാണെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 2015ലാണ് യുവതി കൃഷി സ്ഥലത്തുവെച്ച് അഞ്ച് പേരുടെ കൂട്ടബലാത്സംഗത്തിനിരയായത്. യുവതി താമസിക്കുന്ന ഗ്രാമത്തിന് പുറമെ, അടുത്തുള്ള രണ്ട് പഞ്ചായത്തുകള്‍ കൂടി യുവതിക്കെതിരെ പ്രമേയം പാസാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗ്രാമീണര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഗ്രാമം ഉപേക്ഷിച്ചുപൊകാന്‍ വീടിന്റെ വാതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചെന്നും യുവതി ആരോപിച്ചു. ഗ്രാമീണര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും തനിക്ക് പോകാന്‍ മറ്റ് സ്ഥലമില്ലെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നീതിയുണ്ടാകണമെന്നും യുവതി പറഞ്ഞു.

മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ യുവതിയെ നാടുകടത്തുന്നതിനായി പ്രമേയം പാസാക്കിയതായി കണ്ടെത്തിയെന്ന് ബ്ലോക്ക് ഡെലവപ്‌മെന്റ് ഓഫിസര്‍ അനിരുദ്ധ സനപ് പറഞ്ഞു. സംഭവത്തെക്കുറിച്ച് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നും അവര്‍ പറഞ്ഞു.