ലക്നൗ: ദലിത് യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അച്ഛനില്‍നിന്ന് വധഭീഷണിയുണ്ടെന്ന് ബിജെപി എംഎല്‍എയുടെ മകള്‍. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പുര്‍ എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര(23)യാണ് ആരോപണവുമായി രംഗത്തെത്തിയത്. പൊലീസ് സുരക്ഷ വേണമെന്നും സാക്ഷി ആവശ്യപ്പെട്ടു. ബുധനാഴ്ച ഫേസ്ബുക്കിലൂടെയാണ് സാക്ഷിയുടെ തുറന്ന് പറച്ചില്‍. ദലിത് യുവാവായ അജിതേഷ് കുമാറിനെ(29)യാണ് സാക്ഷി വിവാഹം ചെയ്തത്. തങ്ങള്‍ക്കോ അജിതേഷിന്‍റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അച്ഛനും സഹായികളായ ഭര്‍ത്തോള്‍, രാജീവ് റാണ എന്നിവര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സാക്ഷി വ്യക്തമാക്കി.

സ്വന്തം ഇഷ്ടപ്രകാരമാണ് അജിതേഷിനെ വിവാഹം ചെയ്തത്. വിവാഹത്തില്‍നിന്ന് പിന്മാറാന്‍ അജിതേഷിനോടും കുടുംബത്തോടും ആവശ്യപ്പെട്ടെന്നും അല്ലെങ്കില്‍ പരിണിത ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും സാക്ഷി പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ ഗുണ്ടകളെ വിട്ടിരിക്കുകയാണ്. ഒടിയോടി മടുത്തു. അതുകൊണ്ടാണ് പൊലീസ് സുരക്ഷ തേടുന്നതെന്നും സാക്ഷി വ്യക്തമാക്കി. അവര്‍ ഞങ്ങളെ പിടികൂടിയാല്‍ ഉറപ്പായും കൊലപ്പെടുത്തുമെന്നും ഇരുവരും പറഞ്ഞു. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ഗുണ്ടകള്‍ എത്തിയെന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെ്നനും അജിതേഷ് കുമാര്‍ പറഞ്ഞു. 

അതേസമയം, പ്രതികരണവുമായി രാജേഷ് മിശ്ര രംഗത്തെത്തി. മകളുടെ വിവാഹത്തെ എതിര്‍ത്തിട്ടില്ല. മകളും ഭര്‍ത്താവും തമ്മില്‍ ഒമ്പത് വയസ്സ് പ്രായ വ്യത്യാസവും അയാളുടെ വരുമാനവുമാണ് അച്ഛനെന്ന നിലയില്‍ തന്നെ ഉത്കണ്ഠപ്പെടുത്തിയതെന്നും രാജേഷ് മിശ്ര പ്രതികരിച്ചു. എന്‍റെ മകളെ ഉപദ്രവിക്കുന്നത് എനിക്ക് ആലോചിക്കാന്‍ പോലുമാകില്ല. അവരെ രണ്ട് പേരെയും വീട്ടില്‍ തിരിച്ചുകൊണ്ടുവരണം. ഇതിനായി പാര്‍ട്ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. 

വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇരുവര്‍ക്കും സുരക്ഷ നല്‍കുമെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്‍കെ പാണ്ഡെ പറഞ്ഞു. എന്നാല്‍ ദമ്പതികള്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.