അഹമ്മദാബാദ്: സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് തങ്ങളുടെ പെൺമക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി മാതാപിതാക്കൾ ഹൈക്കോടതിയിൽ. ജനാർദ്ദന ശർമ്മും ഭാര്യയുമാണ് തന്റെ രണ്ട് പെൺമക്കളെ നിത്യാനന്ദ അന്യായമായി ആശ്രമത്തിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് ​ഗുജറാത്ത് ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്. 

സ്വാമി നിത്യാനന്ദയുടെ മേൽനോട്ടത്തിൽ ബം​ഗളൂരുവിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ 2013 ൽ തന്റെ നാല് മക്കളെ പ്രവേശിപ്പിച്ചതായി ജനാർദ്ദന ശർമ്മ വെളിപ്പെടുത്തുന്നു. എന്നാൽ തങ്ങളറിയാതെ മറ്റൊരിടത്തേയ്ക്ക് മക്കളെ മാറ്റിയെന്നാണ് ഇവരുടെ ആരോപണം. കുട്ടികളെ കാണാൻ ശ്രമിച്ചപ്പോൾ ആശ്രമ അധികൃതർ അനുവദിച്ചില്ല. പിന്നീട് പൊലീസിന്റെ സഹായത്തോടെ രണ്ട് മക്കള തിരികെ കൊണ്ടുപോകാൻ സാധിച്ചു.

എന്നാൽ മൂത്ത മക്കളായ ലോപമുദ്ര (21), നന്ദിത (18) എന്നിവർ തനിക്കൊപ്പം പോരാൻ വിസമ്മതിച്ചതായി ജാനാർദ്ദന ശർമ്മ പറയുന്നു. തന്റെ മക്കളെ തട്ടിയെടുത്ത് അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ജനാർദ്ദന ശർമ്മ പരാതിയിൽ കൂട്ടിച്ചേർക്കുന്നു. മക്കളെ വിട്ടുതരാൻ സഹായിക്കണമെന്നാണ് കോടതിയോട് ജനാർദ്ദന ശർമ്മയുടെ അഭ്യർത്ഥന. ആശ്രമത്തിൽ താമസിപ്പിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്ത മറ്റ് കുട്ടികളെക്കുറിച്ചു അന്വേഷണം നടത്തണമെന്നും ജനാർദ്ദന ശർമ്മ പരാതിയിൽ ആവശ്യപ്പെടുന്നു.