സംഭവത്തിന്‍റെ കുഞ്ഞിന്‍റെ മാതാപിതാക്കളായ ജീവയെയും ഡയാനയെയും പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ 9 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ അച്ഛനമ്മമാർ അറസ്റ്റിൽ . പെൺകുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊല ചെയ്തതെന്ന് ഇരുവരും വെളിപ്പെടുത്തി. വെല്ലൂർ യെരിയൂരിലെ കർഷക ദമ്പതിമാരായ ജീവയും ഡയാനയുമാണ് 9 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ജീവനെടുത്തത്. ഇവര്‍ക്ക് ആദ്യം ജനിച്ചത് പെണ്‍കുട്ടിയാണ്. രണ്ടാമത്തേത് ആണ്‍കുട്ടിയാകണമെന്നാണ് ആഗ്രഹിച്ചതെന്നാണ് ഇവരുടെ മൊഴി.

എന്നാല്‍, രണ്ടാമതായി ജനിച്ചത് പെൺകുഞ്ഞായപ്പോൾ ബാധ്യതയാകുമെന്ന് വിലയിരുത്തി വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. പപ്പായ മരത്തിന്‍റെ പാല്‍ നല്‍കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിന്‍റെ മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയായിരുന്നു. കുട്ടിയുടെ വായിൽ നിന്ന് ചോര വന്നുവെന്നും അബോധാവസ്ഥയിലായി പിന്നാലെ മരിച്ചെന്നുമാണ് ഡയാന അവരുടെ അച്ഛനോട് പറഞ്ഞത്. സംശയം തോന്നിയ ഡയാനയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.

പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മുങ്ങിയ ഡയാനയും ഭര്‍ത്താവും പഞ്ചായത്ത് സെക്രട്ടറിയെ രഹസ്യമായി കണ്ട് സഹായം തേടി . പഞ്ചായത്ത് സെക്രട്ടറി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പ്രതികൾ വലയിലായത്. മറവുചെയ്തിരുന്ന മൃതദേഹേം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. മൂത്തമകളെ സര്‍ക്കാർ സംരക്ഷണയിലേക്ക് മാറ്റി. ഗ്രാമത്തിൽ അടുത്തിടെ പല പെൺകുഞ്ഞുങ്ങളും മരിച്ചിട്ടുണ്ട്. എല്ലാത്തിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടികൾ ബാധ്യതയാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ സർക്കാരിന് കൈമാറണമെന്നന് ജില്ലാ കളക്ടർ അറിയിച്ചു.

യാത്രക്കാര്‍ക്ക് വീണ്ടും 'പണികൊടുത്ത്' എയര്‍ ഇന്ത്യ; കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി

Asianet News Live | Malayalam News Live | PV Anvar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്