സൂറത്ത്: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ ക്യാമ്പസിലിട്ട് അടിച്ചുപരിക്കേല്‍പ്പിച്ച് രക്ഷിതാക്കള്‍. ഗുജറാത്തിലെ സൂറത്തിലെ  ആശാദീപ് സ്കൂളിലെ അധ്യാപകനാണ് രക്ഷിതാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. ഇതേതുടര്‍ന്ന് ബുധനാഴ്ച രക്ഷിതാക്കള്‍ ആളുകളുമായെത്തി അധ്യാപകനെയും മര്‍ദ്ദിക്കുകയായിരുന്നു. 

സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ സ്കൂള്‍ വരാന്തയില്‍ വച്ച് അധ്യാപകന്‍ മര്‍ദ്ദിക്കുന്നതാണ് ഒരു സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യം. മറ്റൊരു വീഡിയോയില്‍ ക്ഷുഭിതരായ രക്ഷിതാക്കളും ഒപ്പമുള്ളവരും ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറുന്നതും അധ്യാപകനെ പുറത്തേക്ക് വലിച്ചിറക്കുന്നതും കാണാം. ഇവര്‍ അദ്യാപകനെ അടിക്കുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപകന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.