ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരായി ട്വീറ്റ് ചെയ്തതിന് പിന്നാലെ നടി പരിണീതി ചോപ്രയെ സര്‍ക്കാര്‍ ക്യാംപയിനില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിനില്‍ നിന്ന് പരിണീതി ചോപ്രയെ നീക്കിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹരിയാന സര്‍ക്കാരിന്‍റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് പരിണീതി ചോപ്ര. തല്‍സ്ഥാനത്തുനിന്ന് പരിണീതിയെ നീക്കിയെന്നാണ് ജാഗരണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

''ഒരു പൗരന്‍ തന്‍റെ കാഴ്ചപ്പാട് പ്രകടിപ്പിക്കുമ്പോള്‍ ഇതാണ് ഉണ്ടാകുന്നതെങ്കില്‍ നമ്മള്‍ ഒരു ബില്‍ പാസാക്കണം. ഇനിയും നമ്മുടെ രാജ്യത്തെ ഒരുതരത്തിലും ജനാധിപത്യമെന്ന് വിളിക്കരുത്! അഭിപ്രായം പ്രകടിപ്പിച്ചതിന് നിരപരാധികളായ മനുഷ്യരെ മര്‍ദ്ദിക്കുകയാണോ? ക്രൂരം''. - പരിണീതി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. 

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ നിശിതമായ ഭാഷയിലാണ് പരിണീതി അടക്കമുള്ള ബോളിവു‍ഡ് താരങ്ങള്‍ വിമര്‍ശിച്ചത്. സുഷാന്ത് സിംഗ്, ഫര്‍ഹാന്‍ അക്തര്‍, രാധിക ആപ്തെ, സ്വര ഭാസ്കര്‍ തുടങ്ങി നിരവധി പേരാണ് പൗരത്വഭേദഗതി  നിയമത്തിനെതിരെ രംഗത്തെത്തിയത്.