ദില്ലി: അതിർത്തിയിലെ സംഘർഷത്തിൽ വിശദ ചർച്ചയെന്ന പ്രതിപക്ഷ ആവശ്യം പാർലമെൻ്റ സമ്മേളനത്തിൻ്റ് ആദ്യ ദിനം തള്ളി കേന്ദ്ര സർക്കാർ. രാജ്യം ഒറ്റക്കെട്ടെന്ന സന്ദേശം പാർലമെൻറ് അതിർത്തിയിൽ കാവൽ നില്ക്കുന്ന സൈനികർക്ക് നല്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷവും ഇന്ന് സഭയിൽ ബഹളം വച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ ജനങ്ങൾ വലിയ സമ്മർദ്ദത്തിലാണെന്നും. അതിർത്തിയിലെ പ്രശ്നങ്ങൾ കാരണമാണ് സമ്മർദ്ദമെന്നും ലോക്സഭയിലെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. എന്നാൽ രാജ്യത്തെ ജനങ്ങൾ സേനകൾക്കൊപ്പമാണെന്ന സന്ദേശമാണ് പാർലമെൻ്റ് ഒറ്റക്കെട്ടായി നിന്നു നൽകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

കൊവിഡ് പ്രതിരോധം തുടരുമ്പോൾ ആണ് പാർലമെൻറ് സമ്മേളനത്തിന് പുതിയ കാഴ്ചകളോടെ തുടക്കമായത്. ചോദ്യോത്തരവേള ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം സഭയിൽ ബഹളത്തിനിടയാക്കി. ഇക്കാര്യത്തിൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും അതും സർക്കാർ തള്ളി. അതിർത്തി തർക്കം ചർച്ചയാക്കാൻ കോൺഗ്രസും മുസ്ലിം ലീഗും നല്കിയ അടിയന്തരപ്രമേയം നോട്ടീസ് സ്പീക്കർ തള്ളി. വിഷയം ഉന്നയിക്കാൻ അധിർ രഞ്ജൻ ചൗധരി ശ്രമിച്ചെങ്കിലും അതും സ്പീക്കർ തടഞ്ഞു

അതിർത്തി തർക്കത്തിൽ പാർലമെൻറിൽ വിവാദം പാടില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി തന്നെ ചർച്ചയ്ക്കുള്ള സാധ്യത അടച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻറെ പ്രസ്താവനയും ഉണ്ടായില്ല. അതേസമയം ലോക്ക്ഡൗൺ ഒരു പരിധി വരെ കൊവിഡ് വ്യാപനം പിടിച്ചു നിറുത്തിയെന്ന് ആരോഗ്യമന്ത്രി ഹർഷവ‍ർദ്ധൻ സഭയിൽ നടത്തിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെക്കുറിച്ച് ആരോഗ്യമന്ത്രി പരാമ‍ർശിച്ചപ്പോൾ സഭയിൽ വലിയ ബഹളം ഉയർന്നു.

അതേസമയം കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി മയിലുകൾക്കൊപ്പം കളിക്കുന്ന തിരക്കിലായതിനാൽ രാജ്യത്തെ ജനങ്ങൾ സ്വന്തം നിലയിൽ കൊവിഡിനെ നേരിടാൻ തയ്യാറാവണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മയിലുകളുമായുള്ള കളിയിൽ തിരക്കിലായതിനാൽ സ്വന്തം ജീവൻ ഓരോരുത്തരും സംരക്ഷിക്കണം. ഇന്ത്യയിലെ കോവിഡ് കേസുകൾ ഈ ആഴ്ച 50 ലക്ഷം കടക്കും. വെറും ഈഗോയുടെ  പുറത്ത് ഒട്ടും ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് കോവിഡ് സാഹചര്യം  ഇത്രയും ഗുരുതരമാക്കിയത് - രാഹുൽ  ട്വിറ്ററിൽ കുറിച്ചു.