Asianet News MalayalamAsianet News Malayalam

അദാനി വിവാദം ഇന്നും കത്തി; പാർലമെന്റിൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം, മമതക്കെതിരെ കോൺഗ്രസ്

ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു

Parliament disrupted on Oppositon protest over Adani Share row
Author
First Published Feb 7, 2023, 1:43 PM IST

ദില്ലി: അദാനി വിവാദത്തില്‍ ഇന്നും പാര്‍ലമെന്‍റില്‍ പ്രതിഷേധം. ചോദ്യോത്തര വേളക്കിടെ ലോക് സഭയും, രാജ്യസഭയും പിരിഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസടക്കം 15 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. അദാനിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത് പ്രതിപക്ഷ നിരയിലെ അനൈക്യം വെളിവാക്കി.

'അദാനി മോദിയുടെ വിധേയൻ'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ; ഭരണപക്ഷത്തെ വെട്ടിലാക്കി പ്രസംഗം

ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. രാജ്യസഭയില്‍ ചെയറിനടുത്തെത്തി ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് മുദ്രാവാക്യം മുഴക്കി. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സഭാ അധ്യക്ഷന്മാര്‍ നിലപാടെടുത്തു. ബഹളത്തില്‍ മുങ്ങിയ ഇരു സഭകളും പന്ത്രണ്ട് മണി വരെ നിര്‍ത്തിവച്ചു. വിമര്‍ശനവുമായി എഴുന്നേറ്റ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ ധന്‍കറിനെയും പ്രതിപക്ഷം നേരിട്ടു.

രാവിലെ യോഗം ചേര്‍ന്നപ്പോള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ പ്രതിഷേധം തുടരണമെന്ന നിലപാടാണ് ആം ആദ്മി പാർട്ടിയും ബി ആർ എസും സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ബഹിഷ്കരിക്കുകയും ചെയ്തു. പിന്നാലെ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി. 

അദാനി ഓഹരികളിൽ മുന്നേറ്റം; ടാറ്റ സ്റ്റീൽ നഷ്ടം നേരിടുന്നു

മമതയും അദാനിയും മോദിയും തമ്മില്‍ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ മമത മിണ്ടാത്തതെന്നും ലോക് സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോണ്‍ഗ്രസും ടിഎംസിയും രണ്ട് തട്ടിലായിരുന്നു. ജെപിസി അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പട്ടപ്പോള്‍, സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചത്.

Follow Us:
Download App:
  • android
  • ios