Asianet News MalayalamAsianet News Malayalam

'പെഗാസസിൽ അമിത് ഷാ മറുപടി നൽകണം', വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം, ഇരുസഭകളും തിങ്കളാഴ്ച വരെ നിർത്തിവെച്ചു

പ്രതിപക്ഷ ബഹളത്തിനിടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരായ 12 ക്രിമിനൽ നടപടികൾ സിവിൽ നടപടികളായി പരിമിതപ്പെടുത്തുന്ന ലിമിറ്റഡ് ലയബിലിറ്റി ബിൽ രാജ്യസഭ പാസാക്കി.

parliament monsoon session   protest over pegasus both houses adjourned till monday
Author
Delhi, First Published Jul 30, 2021, 3:10 PM IST

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ ഒമ്പതാം ദിവസവും സ്തംഭിച്ച് പാര്‍ലമെന്‍റ്.  ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടിൽ ഉറച്ചായിരുന്നു ഇന്നും പ്രതിപക്ഷ നീക്കം. ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യ സഭയും തിങ്കളാഴ്ചവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരായ 12 ക്രിമിനൽ നടപടികൾ സിവിൽ നടപടികളായി പരിമിതപ്പെടുത്തുന്ന ലിമിറ്റഡ് ലയബിലിറ്റി ബിൽ രാജ്യസഭ പാസാക്കി. സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്ന ജനറൽ ഇൻഷ്വറൻസ് ഭേദഗതി ബില്ല് സര്‍ക്കാര്‍ ലോക്സഭയിൽ അവതരിപ്പിച്ചു. 

ഒമ്പതാം ദിവസവും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പെഗാസസ് വിഷയത്തിൽ ബഹളമയമായി. അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് പെഗാസസെന്നും പാര്‍ലമെന്‍ററികാര്യ സമിതിയിൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി മറുപടി നൽകി. എന്നാൽ ആഭ്യന്തര മന്ത്രിയുടെ മറുപടി എന്ന നിലപാട് പ്രതിപക്ഷം മയപ്പെടുത്തിയില്ല.  

പ്ളാക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയായിരുന്നു സര്‍ക്കാരിനെതിരെ മുദ്രാവാക്യം. കൊവിഡ് ചര്‍ച്ച ഇന്ന് ലോക്സഭയിൽ നിശ്ചയിച്ച് പെഗാസസ് ബഹളം തണുപ്പിക്കാൻ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചവരെ നിര്‍ത്തിവെക്കേണ്ടിവന്നു. 

പെഗാസസിൽ തന്നെ ആദ്യം ചര്‍ച്ച വേണമെന്നും അതിന് ശേഷം കാര്‍ഷിക വിഷയവും കൊവിഡുമൊക്കെ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി സഭയിൽ ആവശ്യപ്പെട്ടു. അനാവശ്യ വിവാദം ഉന്നയിച്ച് ജനങ്ങളെ ബാധിക്കുന്ന കൊവിഡ് വിഷയത്തിലെ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. 

അതേസമയം പെഗാസസിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. രാവിലെ പ്രതിപക്ഷ കക്ഷികൾ യോഗം ചേര്‍ന്ന ശേഷമായിരുന്നു സഭക്കുള്ളിലെ സംയുക്ത നീക്കം. രാജ്യസഭാ നേതാവ് പിയൂഷ് ഗോയവും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷത്തെ തണുപ്പിക്കാനുള്ള ചര്‍ച്ചകൾ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിലും ചര്‍ച്ച നടത്തി. കൊവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യക്കെതിരെ കെ.സി.വേണുഗോപാൽ രാജ്യസഭയിൽ അവകാശലംഘന നേട്ടീസ് നൽകി.

Follow Us:
Download App:
  • android
  • ios