പാർലമെന്റ് അതിക്രമ കേസിലെ പ്രതി ഡി മനോരഞ്ജനും സായി കൃഷ്ണയും ഒരുമിച്ച് പഠിച്ചവരാണ്. ഹോസ്റ്റലിലും ഇവര്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്
ബെംഗളൂരു: പാര്‍ലമെന്റ് അതിക്രമ കേസിൽ കർണാടക പൊലീസ് മുൻ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിലായി. ധാർവാഡ് സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ സായി കൃഷ്ണയാണ് അറസ്റ്റിലായത്. വിരമിച്ച ഡിവൈഎസ്പി വിത്തൽ ജഗാലിയുടെ മകനാണ് സായി കൃഷ്ണ. പാർലമെന്റ് അതിക്രമ കേസിലെ പ്രതി ഡി മനോരഞ്ജനും സായി കൃഷ്ണയും ഒരുമിച്ച് പഠിച്ചവരാണ്. ഹോസ്റ്റലിലും ഇവര്‍ ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. ഡി മനോരഞ്ജന്‍റെ ഡയറിയിൽ സായി കൃഷ്ണയുടെയും പേരുണ്ടെന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ദില്ലി പൊലീസ് ഇന്നലെ അർദ്ധരാത്രിയോടെയാണ് ധാർവാഡിലെ വിദ്യാഗിരിയിലുള്ള വീട്ടിലെത്തി സായി കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ എഞ്ചിനീയറായ സായി കൃഷ്ണ വീട്ടിലിരുന്നാണ് (വർക്ക് ഫ്രം ഹോം) ജോലി ചെയ്തിരുന്നത്.
