Asianet News MalayalamAsianet News Malayalam

'പ്രധാനമന്ത്രി കുറ്റവാളിയെന്ന പോസ്റ്റുകൾ, ഗൂഢാലോചന'; പാർലമെന്റ് അതിക്രമക്കേസ് പ്രതികൾ 7 ദിവസം കസ്റ്റഡിയിൽ

ഷൂ വാങ്ങിയത് ലക്‌നൗവില്‍ നിന്നും കളര്‍പ്പടക്കം വാങ്ങിയത് മുംബൈയില്‍ നിന്നുമാണ്. ഇവരുടെ ഫണ്ടിംഗിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

parliament security breach 4 accused sent to police custody joy
Author
First Published Dec 14, 2023, 7:28 PM IST

ദില്ലി: പാര്‍ലമെന്റ് അതിക്രമക്കേസിലെ നാല് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ ഇട്ടിരുന്നുവെന്നും ഭീകര സംഘടനകളുമായി അവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഷൂ വാങ്ങിയത് ലക്‌നൗവില്‍ നിന്നും കളര്‍പ്പടക്കം വാങ്ങിയത് മുംബൈയില്‍ നിന്നുമാണ്. ഇവരുടെ ഫണ്ടിംഗിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ 22-ാം വാര്‍ഷികദിനത്തില്‍ ഉണ്ടായ വന്‍ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങള്‍ മറികടന്നാണ് പുതിയ സഭാമന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചത് എന്നാണ് പുലര്‍ച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞതായി വ്യക്തമാകുന്നത്. ജനുവരി മുതല്‍ പദ്ധതിയുടെ ആലോചന തുടങ്ങി. കേസില്‍ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പാര്‍ലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. സംഭവത്തില്‍ ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി അടിയന്തരപ്രമേയത്തിന് നോട്ടീസും നല്‍കി.

പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മറ്റൊരാള്‍ ആണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നു. പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പ് പ്രതികള്‍ ഇന്ത്യാ ഗേറ്റില്‍ ഒത്തുകൂടിയെന്നും ഇവിടെ വെച്ച് കളര്‍ പടക്കം കൈമാറിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ചണ്ഡീഗഢിലെ പ്രതിഷേധത്തിനിടെയാണ് പ്രതികള്‍ പരസ്പരം കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടില്‍ ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ പറയുന്നു.

'കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക, വെളുത്തതോ ഇളം വസ്ത്രങ്ങളോ മതി'; ജാഗ്രതാ നിർദേശങ്ങളുമായി എംവിഡി 
 

Latest Videos
Follow Us:
Download App:
  • android
  • ios