ലോക് സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എം പിമാരാണ് നടപടി നേരിട്ടത്. രാജ്യസഭയിൽ നിന്നും 46 പേരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്

ദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പാർലമെന്‍റിൽ നിന്നും ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ടത് 143 പേർ. മൂന്ന് ദിവസങ്ങളിലായാണ് ഇത്രയധികം എം പിമാരെ പാർലമെന്‍റിന്‍റെ ഇരു സഭകളിൽ നിന്നായി സസ്പെൻഡ് ചെയ്തത്. ആദ്യ ദിനം 92 പേർക്കും ഇന്നലെ 49 പേർക്കും ഇന്ന് 2 പേർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. ലോക് സഭയിൽ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള എം പിമാരായ എ എം ആരിഫിനെയും തോമസ് ചാഴികാടനെയുമാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇതോടെ കേരളത്തിൽ നിന്നുള്ള ലോക്സഭ അംഗങ്ങളിൽ ഇനി രണ്ടുപേർ മാത്രമാകും ഈ സമ്മേളന കാലയളവിൽ സഭയിലുണ്ടാകുക. വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയും കോഴിക്കോട് ജനപ്രതിനിധി എം കെ രാഘവനും മാത്രമാണ് നിലവിൽ സസ്പെൻഷൻ ലഭിക്കാത്തത്.

തലസ്ഥാനത്തെ കലാപഭൂമിയാക്കിയത് പിണറായിയുടെ ധാർഷ്ഠ്യം, കോണ്‍ഗ്രസിൻ്റെ സമരമുറകൾ കാണാനിരിക്കുന്നതേയുള്ളു: സുധാകരൻ

ആകെ 143 എംപിമാർക്ക് ഈ സമ്മേളന കാലയളവിൽ സസ്പെൻഷൻ ലഭിച്ചപ്പോൾ ലോക് സഭയില്‍ നിന്ന് മാത്രം ഇതുവരെ 97 എം പിമാരാണ് നടപടി നേരിട്ടത്. രാജ്യസഭയിൽ നിന്നും 46 പേരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന നേതാക്കളടക്കമുള്ളവരെയാണ് പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മല്ലികാ‍ർജ്ജുൻ ഖ‍ർഗെ എന്നിവരെ മാത്രം ഒഴിവാക്കിയപ്പോൾ കെ സി വേണുഗോപാൽ, കോൺഗ്രസിന്‍റെ ലോക് സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ഫറൂഖ് അബ്ദുള്ള, മനീഷ് തിവാരി എന്നിവർക്കെല്ലാം സസ്പെൻഷൻ ലഭിച്ചു. ശശി തരൂര്‍, കെ സുധാകരൻ, അടൂർ പ്രകാശ്, അബ്ദു സമദ് സമദാനി, കൊടിക്കുന്നിൽ സുരേഷ്, ഇ ടി മുഹമ്മദ് ബഷീർ, ബിനോയ് വിശ്വം തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ഈ സമ്മേളന കാലയളവിൽ പുറത്തായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം