ദില്ലി: അമ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശില്‍ തകര്‍ന്ന് വീണ വ്യോമസേനാ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 90 സൈനികര്‍ ഉള്‍പ്പെടെ 102 യാത്രക്കാരായിരുന്നു വ്യോമസേനയുടെ എ എന്‍ 12 ബി എല്‍ 534 വിമാനത്തോടൊപ്പം കാണാതായത്. ഹിമാചല്‍ പ്രദേശിലെ കുളുവിലെ റോഹ്താങില്‍ 1968 ഫെബ്രുവരി ഏഴിനാണ് വിമാനം കാണാതായത്. 

വ്യോമസേനയും ദോര്‍ഗാ സ്കൗട്ടും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് 51 വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജൂലൈ 26 ന് ആരംഭിച്ച സംയുക്ത തിരച്ചിലിനൊടുവിലാണ് സമുദ്ര നിരപ്പില്‍ നിന്ന് 5240 അടി ഉയരത്തിലുള്ള ദാക്കാ ഹിമമേഖലയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

എന്‍ജിന്‍, ഫ്യവല്‍ഗേജ്, ഇലക്ട്രിക് സര്‍ക്യൂട്ട്സ്, പ്രൊപ്പെല്ലര്‍, ഫ്യുവല്‍ ടാങ്ക് യൂണിറ്റ്,എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റിന്‍റെ വാതില്‍ കൂടാതെ യാത്രക്കാരുടെ സാമഗ്രഹികളുമാണ് കണ്ടെത്തിയിരിക്കുന്നത്. കനത്ത ഹിമപാതമുള്ള മേഖലയിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ വ്യോമാതിര്‍ത്തി ലംഘിച്ച വിമാനത്തിലെ സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയിരിക്കാമെന്നായിരുന്ന വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് അറുതിയാവുന്നത്. 2003ല്‍ ദാക്കാ ഹിമമേഖലയില്‍ സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെയാണ് വിമാനം തകര്‍ന്ന് വീണത് ഇവിടെയാണെന്ന സംശയം ഉയര്‍ന്നത്. 2003 മുതല്‍ വിവിധ തിരച്ചില്‍ ദൗത്യങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്.