Asianet News MalayalamAsianet News Malayalam

വിമാനത്തിന്‍റെ എമര്‍ജൻസി വാതിൽ തുറക്കാൻ ശ്രമം, പരിഭ്രാന്തരായി യാത്രക്കാര്‍; ക്ഷമ ചോദിച്ച് ഇൻഡിഗോ

ഇൻഡിഗോ 6ഇ 6341 വിമാനത്തിലാണ് യാത്രക്കാരെയാകെ പരിഭ്രാന്തരാക്കിയ സംഭവം ഉണ്ടായത്

Passenger Attempts To Open Emergency Exit on Indigo Flight SSM
Author
First Published Sep 20, 2023, 1:49 PM IST

ദില്ലി: വിമാന യാത്രക്കിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ദില്ലിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരനില്‍ നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. 

ചൊവ്വാഴ്ച രാത്രി ദില്ലിയില്‍ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6ഇ 6341 വിമാനത്തിലാണ് യാത്രക്കാരെയാകെ പരിഭ്രാന്തരാക്കിയ സംഭവം ഉണ്ടായത്. മണികണ്ഠന്‍ എന്നയാളാണ് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. ഉടനെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർക്ക് ഇയാളെ കൈമാറി. യാത്രക്കാരന്‍ എന്തിനാണിങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. 

ഇൻഡിഗോ എയർലൈൻ അധികൃതർ സംഭവം നടന്നതായി സ്ഥിരീകരിച്ചു. യാത്രക്കാരോട് ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കുകയും ചെയ്തു- 

"ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള 6ഇ 6341 വിമാനത്തിലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരനെ അധികൃതര്‍ക്ക് കൈമാറി. വിമാനത്തിന്‍റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു"- ഇന്‍ഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

വിമാനത്തില്‍ എന്താണ് നടന്നതെന്ന് ഇന്‍ഡിഗോ അധികൃതര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. യാത്രക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിലും പരാതി നല്‍കുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. സംഭവത്തില്‍ യാത്രക്കാരനെ ചോദ്യംചെയ്യുകയാണ്. തുടര്‍ നടപടികള്‍ അതിനു ശേഷമുണ്ടാകും.

ഈ വർഷം ജൂലൈയിലും സമാനമായ സംഭവമുണ്ടായി. ഹൈദരാബാദിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ജൂലൈ 8 നായിരുന്നു സംഭവം. 40 കാരനായ  യാത്രക്കാരനാണ് ടേക്ക് ഓഫിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാൻ ശ്രമിച്ചത്. സംഭവം പൈലറ്റിനെയും മറ്റ് ജീവനക്കാരെയും യാത്രക്കാരെയും പരിഭ്രാന്തരാക്കി. 

Follow Us:
Download App:
  • android
  • ios