ഹൈദരാബാദ്: പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 27 ലക്ഷം രൂപയുടെ സ്വര്‍ണം യാത്രക്കാരനില്‍ നിന്നും പിടികൂടി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് 724 ഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടിച്ചെടുത്തത്. മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ എത്തിയതായിരുന്നു യാത്രക്കാരന്‍. 

മുംബൈയിലെ ഒരു സുഹൃത്താണ് ഇയാളുടെ കൈവശം സ്വര്‍ണം കടത്താന്‍ ഏല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ടേപ്പുപയോഗിച്ച് പൊതിഞ്ഞ് ചെറിയ ഉരുളകളാക്കിയാണ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചത്. 832 ഗ്രാം ഉണ്ടായിരുന്ന പേസ്റ്റ് പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് 724 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1962 -ലെ കസ്റ്റംസ് ആക്ട് അനുസരിച്ച് കേസെടുത്ത ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്ത് യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.