Asianet News MalayalamAsianet News Malayalam

ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന് യാത്രക്കാരന്‍; 'നുണക്കഥ' പൊളിച്ച് റെയില്‍വേ അധികൃതര്‍

ട്രെയിനിലെ ബിരിയാണിയില്‍ നിന്നും പല്ലിയെ കിട്ടിയെന്ന് ഗുണ്ട്കല്‍ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയത്.

passenger complaints about lizard on train food
Author
New Delhi, First Published Jul 23, 2019, 7:28 PM IST

ദില്ലി: ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന യാത്രക്കാരന്‍റെ പരാതി വ്യാജമെന്ന് കണ്ടെത്തി റെയില്‍വേ അധികൃതര്‍. ട്രെയിനില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പല്ലിയെ കിട്ടിയെന്നായിരുന്നു എഴുപതുകാരനായ യാത്രക്കാരന്‍ പരാതി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് പരാതിയുടെ നിജസ്ഥിതി പുറത്തറിയുന്നത്. 

ട്രെയിനിലെ ബിരിയാണിയില്‍ നിന്നും പല്ലിയെ കിട്ടിയെന്ന് ഗുണ്ട്കല്‍ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ  റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നടത്തിയ അന്വേഷണത്തില്‍ സമാനസാഹചര്യത്തില്‍  ജൂലൈ 14-ന് സമോസയില്‍  നിന്നും പല്ലിയെ കിട്ടിയെന്ന് ഇയാള്‍ പരാതി നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് റെയില്‍വേ അധികൃതരുടെ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നത്.  പല്ലിയെ കിട്ടിയെന്ന് കളവുപറഞ്ഞത് ഭക്ഷണം സൗജന്യമായി ലഭിക്കാന്‍ വേണ്ടിയാണെന്ന് ഇയാള്‍ സമ്മതിച്ചതായി റെയില്‍വേ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് വെളിപ്പെടുത്തി. 

പ്രായാധിക്യം മൂലം അവശനായ തനിക്ക് രക്താര്‍ബുദവും മാനസിക വൈകല്യവും ഉണ്ടെന്ന് പരാതിക്കാരന്‍ പറ‍ഞ്ഞു. രോഗശമനത്തിനായി ആയുര്‍വേദ ചികിത്സ നടത്തുന്ന താന്‍ ഇതിനായി ഉപയോഗിക്കുന്ന പ്രത്യേകതരം മത്സ്യം ഭക്ഷണത്തില്‍ ഇട്ടാണ് വ്യാജ പരാതി നല്‍കിയതെന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ പറഞ്ഞത് സത്യമാണോയെന്ന് അന്വേഷിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios