വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറുകളിൽ ലഗേജിന്റെ ഭാരം കണക്കാക്കുന്നതിൽ വന്ന വ്യത്യാസമാണ് പോസ്റ്റിലെ വിഷയം. കമ്പനിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ട്.
ചണ്ഡിഗഡ്: വിമാന യാത്രക്കാരെ ആശങ്കപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഏതാനും ദിവസങ്ങളായി സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. ചണ്ഡിഗഡിൽ നിന്ന് ദില്ലിയിലേക്കുള്ള ഇന്റിഗോ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഒരു യുവാവ് വിമാനത്താവളത്തിൽ വെച്ചുണ്ടായ തന്റെ അനുഭവം വിവരിക്കുകയായിരുന്നു. ലഗേജ് തൂക്കി നോക്കിയപ്പോൾ രണ്ട് കൗണ്ടറുകളിലെ റീഡിങുകളിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിമാനത്താവളത്തിൽ ലഗേജ് തൂക്കി ഭാരം കണക്കാക്കുന്ന സംവിധാനത്തിന്റെയാകെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് യുവാവിന്റെ പോസ്റ്റ്. വിമാനത്താവളത്തിലെത്തി ഇന്റിഗോയുടെ ഒരു കൗണ്ടറിൽ ലഗേജ് തൂക്കി നോക്കിയപ്പോൾ 14.5 കിലോഗ്രാം ആണ് ആദ്യം ഭാരം കാണിച്ചത്. എന്നാൽ തന്റെ ബാഗിന് അത്രയും ഭാരമില്ലെന്ന് തോന്നിയ യാത്രക്കാരൻ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരോട് സംശയം പറഞ്ഞു. എന്നാൽ മറ്റൊരു ബെൽറ്റിൽ പരിശോധിക്കാമെന്നായി ജീവനക്കാർ. അവിടെ പരിശോധിച്ചപ്പോഴാകട്ടെ കാണിച്ച ഭാരം 12.2 കിലോഗ്രാമും. ഇതോടെ സംശയം ഇരട്ടിയായി.
ജനുവരി 30ന് വൈകുന്നേരം നാല് മണിയോടെയാണ് താൻ വിമാനത്താവളത്തിലെത്തിയതെന്ന് പോസ്റ്റിൽ പറയുന്നു. രണ്ട് മെഷീനുകളിൽ ഭാരം നോക്കിയപ്പോൾ ഏകദേശം 2.3 കിലോഗ്രാമിന്റെ വ്യത്യാസം കണ്ടു. ഇത്തരം മെഷീനുകൾ എളുപ്പത്തിൽ ക്രമക്കേട് കാണിക്കാവുന്നതാണോ എന്ന സംശയം പങ്കുവെച്ച അദ്ദേഹം ഇത് വെറുമൊരു സാങ്കേതിക തകരാർ മാത്രമായ അപൂർവ സംഭവമാവട്ടെ എന്നും ആശ്വസിക്കുന്നുണ്ട്.
എന്നാൽ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ലഗേജിന്റെ ഭാരം കൂടിയാൽ വിമാന കമ്പനി പണം വാങ്ങുമെന്നിരിക്കെ ഇക്കാര്യത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടാവുമെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നവരും കുറവല്ല. ഒരു യാത്രയ്ക്കിടെ പല വിമാനത്താവളങ്ങളിൽ വെച്ച് ബാഗിന്റെ ഭാരം മാറിയ അനുഭവവും ഒരാൾ പറയുന്നു. ഒന്നും ബാഗിലേക്ക് വെയ്ക്കുകയോ എടുക്കുകയോ ചെയ്യാതെ തന്നെ 12 കിലോയുടെ വ്യത്യാസം കണ്ടുവെന്നാണ് അദ്ദേഹം വിവരിക്കുന്നത്.
അതേസമയം ഇപ്പോഴത്തെ വിവാദങ്ങളിൽ വിശദീകരണവുമായി ഇന്റിഗോയും രംഗത്തെത്തിയിട്ടുണ്ട്. ഭാരം പരിശോധിക്കുന്ന ഉപകരണങ്ങൾ കൃത്യമായ ഇടവേളകളിൽ വിമാനത്താവള അധികൃതർ പരിശോധിച്ച് കൃത്യത ഉറപ്പാക്കുന്നവയാണെന്ന് കമ്പനി പറയുന്നു. ഈ സംഭവത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും അവർ പരിശോധിക്കുമെന്നും ഇന്റിഗോയുടെ മറുപടിയിൽ വിശദമാക്കിയിട്ടുണ്ട്.
