എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനകമ്പനികള്‍ക്ക്  വ്യോമയാന മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

ദില്ലി: എയർ ഇന്ത്യ വിമാനത്തിലെ വിമാനത്തിലെ അതിക്രമത്തിൽ, പ്രതി ശങ്കർ മിശ്ര മദ്യപിച്ചിരുന്നതായി സഹയാത്രികന്റെ വെളിപ്പെടുത്തൽ. താൻ പ്രശ്നത്തിലായെന്ന് മിശ്ര പറഞ്ഞതായി ഒപ്പം യാത്ര ചെയ്ത ഡോക്ടർ മൊഴി നൽകി. നാല് ഗ്ലാസ് മദ്യം മിശ്ര കഴിച്ചെന്നും സഹയാത്രികൻ പറഞ്ഞു. എയർ ഇന്ത്യയിലെ എട്ടു ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. വിമാനക്കമ്പനി അതിക്രമത്തിന്റെ വിവരങ്ങൾ ഡിജിസിഎക്ക് കൈമാറിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനകമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. അനുര‍ഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നിയമനടപടിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

മുതിര്‍ന്ന പൗരയോട് മോശമായി പെരുമാറിയ കേസിൽ ശങ്കർ മിശ്രയെ കമ്പനി പുറത്താക്കി. എയര്‍ ഇന്ത്യ വിമാനത്തിലെ സംഭവം വ്യോമയാന മേഖലക്ക് തന്നെ അപമാനമായെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ശന നപടികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റ് , ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പരാജയപ്പെട്ടുവെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. സമാന സാഹചര്യം ഇനി ആവര്‍ത്തിച്ചാല്‍ ഇടപെടാന്‍ അമാന്തം പാടില്ലെന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്.

വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന ശ്രമങ്ങളും ഫലം കാണാതെ വന്നാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്തിക്കാം. അങ്ങനെയെങ്കില്‍ കെട്ടിയിടുന്നത് വരെയുള്ള കാര്യങ്ങള്‍ ആലോചിക്കാം. നടപടികള്‍ എയര്‍ ലൈന്‍ കണ്‍ട്രോളിനെ അറിയിക്കണം. സാഹചര്യം നിയന്ത്രിക്കാനായാല്‍ കൂടി വിവരം അറിയിക്കുന്നതില്‍ വീഴ്ച പാടില്ല. യാത്രക്കാരുടെ സുരക്ഷയും വിമാനത്തിലെ അച്ചടക്കവും പൈലറ്റിന്‍റെ ചുമതലയാണ്. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ മോശം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണെമന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു. 

മുതിര്‍ന്ന പൗരയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ വെല്‍സ് ഫാര്‍ഗോ പുറത്താക്കി. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റായായിരുന്നു ശങ്കര്‍ മിശ്ര. അന്വേഷണത്തോട് സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ശങ്കര്‍ മിശ്ര ഒളിവിലാണ്. ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ അന്വേഷിച്ച് ദില്ലി പോലീസ് ബംഗുലുരുവിലെത്തിയിട്ടുണ്ട്.