ഗുരുതര രോഗങ്ങളുണ്ടായിരുന്ന യാത്രക്കാരന്‍ വിമാനത്തില്‍ വെച്ച് രക്തം ഛര്‍ദിച്ച് മരിച്ചു

നാഗ്‍പൂര്‍: വിമാന യാത്രയ്ക്കിടെ 62 വയസുകാരന്‍ രക്തം ഛര്‍ദിച്ച് മരിച്ചു. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള ഇന്റിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലായതിനെ തുടര്‍ന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മുംബൈ - റാഞ്ചി യാത്രയ്ക്കിടെ നാഗ്പൂര്‍ വിമാനത്താവളത്തിലായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്. നേരത്തെ വിവരമറിയിച്ചത് അനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ കാത്തിരുന്നു. യാത്രക്കാരന് ക്ഷയ രോഗവും ഗുരുതരമായ വൃക്ക രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിമാനത്തില്‍ വെച്ച് വലിയ അളവില്‍ രക്തം ഛര്‍ദിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നാഗ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഇന്റിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന 40 വയസുകാരന്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ വെച്ച് മരണപ്പെട്ടിരുന്നു. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനം പറത്തുന്നതിനായി കാത്തിരുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ പൈലറ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

Read also:  തുവ്വൂർ കൊലപാതകം; നാലുപേർ അറസ്റ്റിൽ, അറസ്റ്റിലായത് വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...