തിരുവനന്തപുരം: പത്തനംതിട്ടയിലെ മത്തായിയുടെ മരണത്തിൽ സിബിഐ കേസെടുത്ത്. തിരുവനന്തപുരം സിബിഐ കേസേറ്റെടുത്ത് തിരുവനന്തപുരം സിജെഎം കോടതിയിൽ എഫ്ഐആ‌‌‌ർ നൽകി. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൂന്ന് ഫോറൻസിക് ഡോക്ടർമാർ അടങ്ങുന്ന സംഘം പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റുമോർട്ടത്തിനായി സർക്കാരിന് സിബിഐ കത്ത് നൽകി. 

കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.