Asianet News MalayalamAsianet News Malayalam

അക്രമികൾ വെട്ടിമാറ്റിയ പഞ്ചാബ് പൊലീസുദ്യോഗസ്ഥൻ്റെ കൈ തുന്നിച്ചേർത്തു

പട്യാല സിറ്റി പൊലീസിലെ  എഎസ്ഐ  ആയിരുന്ന ഹർജീത് സിംഗിനാണ് തീവ്രസിഖ് ഗ്രൂപ്പായ നിഹാംഗുകളെ അക്രമത്തിൽ കൈ നഷ്ടമായത്. 

patiala asi attacked by extreme sikh group
Author
Patiala, First Published Apr 12, 2020, 8:31 PM IST

പട്യാല: അക്രമികൾ വെട്ടിമാറ്റിയ പഞ്ചാബ് പൊലീസിലെ പട്യാല എഎസ്ഐയുടെ കൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈ പൂർവ്വസ്ഥിതിയിലാക്കിയത്. അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കൈ തുന്നി ചേർത്ത ഡോക്ടർമാർക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നന്ദി അറിയിച്ചു. പട്യാല സിറ്റി പൊലീസിലെ  എഎസ്ഐ  ആയിരുന്ന ഹർജീത് സിംഗിനാണ് തീവ്രസിഖ് ഗ്രൂപ്പായ നിഹാംഗുകളെ അക്രമത്തിൽ കൈ നഷ്ടമായത്. സംഭവത്തിൽ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. 

പട്യാലയിലെ  പച്ചക്കറി ചന്തക്ക് സമീപം  രാവിലെ ആറേ കാലോടെയായിരുന്നു സംഭവം. ലോക്ക് ഡൗണ്‍  ലംഘിച്ച് മുന്‍പോട്ട് പോകാന്‍ ശ്രമിച്ച സംഘത്തോട് പാസ്ചോദിച്ചതാണ് പ്രകോപന കാരണം. ബാരിക്കേഡ് ഇടിച്ച് തെറിപ്പിച്ച് മുന്‍പോട്ട് പോകാന്‍ ശ്രമിച്ച വാഹനം പോലീസ് തടഞ്ഞു. വാഹനത്തിന്  പുറത്തിറങ്ങിയ അക്രമി സംഘം പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ആക്രമണത്തിനിടെ എഎസ്ഐ ഹര്‍ജീത്
സിംഗിന്‍റെ കൈ വേട്ടേറ്റ് തൂങ്ങി.

ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഎസ്ഐയെ  അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമി സംഘം സമീപത്തെ ഗുരുദ്വാരയില്‍ ഒളിച്ചു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്ത നിഹാംഗുകളെ പിന്നീട് പോലീസ് ഏറ്റുമുട്ടലിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അക്രമികളില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഇവരില്‍ നിന്ന് ആയുധങ്ങളും പെട്രോള്‍ ബോബും ചെറിയ ഗ്യാസ് സിലിണ്ടറുകളും  പിടിച്ചെടുത്തു.   ലോക്ക് ഡൗണിനിടെ നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും  അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍  നിര്‍ദ്ദേശം നല്‍കിയതായും  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രതികരിച്ചു.
 

Follow Us:
Download App:
  • android
  • ios