ചെന്നൈ: ചെന്നൈയിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ രോഗബാധിതർ ഇരട്ടിക്കുന്നു. വിവിധ ജില്ലകളിലേക്ക് മടങ്ങിയ 467 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരെ ഇനി ആശുപത്രിയിൽ ചികിത്സിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചു. അതേസമയം, ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചു.

കോയമ്പേട് മാർക്കറ്റിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങിയ കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, ലോറി ഡ്രൈവർമാർ ഉൾപ്പടെ പതിനായിരത്തിലധികം പേരെ നിരീക്ഷണത്തിലാക്കി. കോയമ്പേട് മാർക്കറ്റിൽ വന്നുപോയ 107 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. ചെന്നൈയിലെ പഴം, പച്ചക്കറി ചില്ലറ വിൽപ്പനക്കാർക്കും രോഗം സ്ഥിരീകരിച്ചത് തമിഴ്നാട്ടിൽ ആശങ്കയ്ക്ക് ഇടയാക്കുകയാണ്. നാല് തെരുവുകളിലായി 34 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതും ആശങ്ക പരത്തുന്നു. 

കല്യാണമണ്ഡപങ്ങൾ, സ്കൂൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ഏറ്റെടുത്ത് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിക്കുകയാണ് തമിഴ്നാട് സർക്കാർ. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ രോഗലക്ഷണം ഉള്ള കൊവിഡ് ബാധിതരെ മാത്രമേ ആശുപത്രിയിൽ ചികിത്സിക്കൂ എന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണം ഇല്ലാത്ത രോഗികൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രോഗബാധിതർ ഇരട്ടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. 

അതേസമയം, വിമർശനങ്ങൾക്ക് പിന്നാലെ ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. വ്യാഴാഴ്ച മുതൽ റെഡ് സോണിൽ ഉൾപ്പടെ മദ്യവിൽപന ശാലകൾ തുറക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉയർത്തിയതോടെ ചെന്നൈയിൽ മദ്യവിൽപ്പനശാലകൾ തുറക്കില്ലെന്ന് തിരുത്തി ഉത്തരവ് ഇറക്കി. അതേസമയം, അവശ്യസാധനങ്ങൾ കിട്ടാനില്ലെന്ന പരാതിയും സംസ്ഥാനത്ത് വ്യാപകമായി.