കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ച ശേഷം ഹിന്ദിയില്‍ അരവിന്ദ് കുമാർ ഭാരതിയോട് സംവരണത്തിലൂടെയാണോ ജോലിയില്‍ എത്തിയതെന്ന് ജഡ്ജി  സന്ദീപ് കുമാര്‍ ചോദിക്കുകയായിരുന്നു.

സംവരണത്തെ പരിഹസിച്ച് പട്ന ഹൈക്കോടതി ജഡ്ജി വിവാദത്തില്‍. കോടതി നടപടികള്‍ക്കിടെ നടന്ന പരാമര്‍ശം ലൈവ് സ്ട്രീമിംഗിലൂടെയാണ് പുറത്തായത്. ജസ്റ്റിസ് സന്ദീപ് കുമാര്‍ നവംബര്‍ 23ന് നടത്തിയ പരാമര്‍ശമാണ് വന്‍ വിവാദമായിരിക്കുന്നത്. ബീഹാറിലെ ജില്ലാ ലാൻഡ് അക്വിസിഷൻ ഓഫീസർ അരവിന്ദ് കുമാർ ഭാരതിയുടെ കേസുമായി ബന്ധപ്പെട്ടതാണ് വീഡിയോ. സ്വത്ത് വിഭജന തര്‍ക്കം നില നില്‍ക്കുന്ന ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം വിതരണം ചെയ്ത സംഭവത്തില്‍ കോടതി ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചിരുന്നു. കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

കേസില്‍ കോടതിയുമായുള്ള ആശയ വിനമയത്തിനിടെ ഈ ഉദ്യോഗസ്ഥന്‍ നേരത്തെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ വിവരം കോടതി അറിഞ്ഞിരുന്നു. കൈക്കൂലി എത്ര രൂപ ലഭിച്ചുവെന്നും നിരവധി തവണ കോടതി ഉദ്യോഗസ്ഥനോട് തിരക്കിയിരുന്നു. ഇതിന് പിന്നാലെ കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ച ശേഷം ഹിന്ദിയില്‍ അരവിന്ദ് കുമാർ ഭാരതിയോട് സംവരണത്തിലൂടെയാണോ ജോലിയില്‍ എത്തിയതെന്ന് ജഡ്ജി സന്ദീപ് കുമാര്‍ ചോദിക്കുകയായിരുന്നു. ജോലി ലഭിച്ചത് സംവരണത്തിലൂടെയാണെന്ന് ഉദ്യോഗസ്ഥന്‍ വിശദമാക്കി. പിന്നാലെ ഉദ്യോഗസ്ഥന്‍ കോടതി മുറി വിട്ടു.

ഇതിന് പിന്നാലെ കോടതിയിലുണ്ടായിരുന്ന ചില അഭിഭാഷകര്‍ ചിരിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇപ്പോ കോടതിക്ക് കാര്യം മനസിലായിക്കാണുമെന്ന് പറഞ്ഞായിരുന്നു ഒരു അഭിഭാഷകന്‍ പരിഹസിച്ചത്. രണ്ട് ജോലിയില്‍ നിന്നുള്ള സ്വത്ത് ഉദ്യോഗസ്ഥന്‍ ഉണ്ടാക്കി കാണുമെന്നും മറ്റൊരു അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഈ സമയത്ത് ഇത്തരം ആളുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും സമ്പാദിച്ചത് ഇതിനോടകം തീര്‍ന്നിരിക്കുമെന്നും ജഡ്ജ് അഭിപ്രായപ്പെടുകയായിരുന്നു. ജഡ്ജിയുടെ അഭിപ്രായത്തിന് പിന്നാലെ കോടതി മുറിയിലും ചിരി പടരുകയായിരുന്നു. എന്നാല്‍ സംഭവങ്ങള്‍ ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേക്ഷണം ചെയ്യുന്നത് അഭിഭാഷകരും ജഡ്ജും ശ്രദ്ധിച്ചിരുന്നില്ല. വീഡിയോ പുറത്തായതോടെ വലിയ വിവാദമാണ് ഉണ്ടായിരിക്കുന്നത്. 

YouTube video player