വിജയവാഡ: ആന്ധ്രപ്രദേശില്‍ സൂപ്പര്‍ താരം പവന്‍ കല്ല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടി(ജെഎസ്പി) ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു. 2024ലെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. വിജയവാഡയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പവന്‍ കല്ല്യാണും ബിജെപി തലവന്‍ കണ്ണ ലക്ഷ്മി നാരായണയും സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യ തീരുമാനമുണ്ടായത്. 

2014ല്‍ ജെ എസ് പി ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും മത്സരിച്ചില്ല. 2019ല്‍ ബിജെപിയെ വിട്ട് ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തെര‍ഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ബിജെപിയുമായി ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെയും സംസ്ഥാനത്തെയും നയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപിയുമായി ഒരുമിച്ച് മത്സരിക്കുമെന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയുടെ ലക്ഷ്യമെന്നും രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പോരാടാന്‍ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. പവന്‍ കല്ല്യാണിന്‍റെ പാര്‍ട്ടിയുമായുള്ള സഖ്യം ആന്ധ്രയില്‍ ബിജെപിക്ക് കരുത്താകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.