സ്വതന്ത്രമായി പ്രവർത്തിക്കാനുളള സാഹചര്യം അശോക സർവകലാശാലയിൽ നിലനിൽക്കുന്നില്ല എന്നാണ് രാജിവെച്ചിറങ്ങിയ പ്രൊഫസർമാർ പറയുന്നത്.
തലസ്ഥാന നഗരിയിലെ സുപ്രസിദ്ധമായ സർവകലാശാലകളിൽ ഒന്നാണ് അശോക യൂണിവേഴ്സിറ്റി. അവിടെ ഒന്നിന് പിന്നാലെ ഒന്നായി രണ്ട് പ്രഗത്ഭരായ പ്രൊഫസർമാർ, പൊളിറ്റിക്കൽ സയന്റിസ്റ്റായ പ്രതാപ് ഭാനു മെഹ്ത, സാമ്പത്തിക ശാസ്ത്രജ്ഞനായ അരവിന്ദ് സുബ്രഹ്മണ്യം എന്നിവർ രാജിവെച്ചതോടെ സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലേക്കിറങ്ങുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, കടുത്ത പരാമർശങ്ങൾ അടങ്ങിയ ഒരു കത്തും അവർ സർവകലാശാല വൈസ് ചാൻസലർക്ക് അയച്ചിട്ടുണ്ട്. പ്രതാപ് ഭാനു മേഹ്തയുടെ രാജി ബാഹ്യസമ്മർദ്ദങ്ങൾ കാരണമാണ് എന്നാക്ഷേപിച്ചുകൊണ്ട് ഒരു വിർച്വൽ ടൌൺ ഹാളും അവർ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.

എന്നാൽ, വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളോട് പ്രതികരിച്ച അശോക സർവകലാശാല വൈസ് ചാൻസലർ മലബിക സർക്കാർ പറഞ്ഞത് താൻ മെഹ്ത്തയെ നേരിൽ ബന്ധപ്പെട്ട് രാജി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും പലതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അതിനു തയ്യാറായില്ല എന്നുമാണ്.
അശോക സർവകലാശാലയിൽ പുകയുന്നതെന്താണ്?
മാർച്ച് 16 -നാണ് പ്രതാപ് ഭാനു മെഹ്ത അശോക സർവകലാശാലയിലെ തന്റെ അസിസ്റ്റന്റ് പ്രൊഫസർ സ്ഥാനം രാജിവെക്കുന്നത്. സർവകലാശാലയിൽ ജോലി ചെയ്യുന്നു എന്നത് 'ഒരു രാഷ്ട്രീയ ബാധ്യതയായി' കണക്കാക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള നിർദേശങ്ങൾ മുകളിൽ നിന്ന് വന്നതുകൊണ്ടാണ് താൻ രാജിവെച്ചത് എന്ന് മെഹ്ത ആ അവസരത്തിൽ തുറന്നു പറയുകയുണ്ടായി. ഒരു എഴുത്തുകാരൻ എന്ന നിലയിൽ താൻ നടത്തുന്ന പ്രവർത്തനങ്ങൾ സർവകലാശാലയുടെ അന്തസ്സിനു നിരക്കാത്തതാണ് എന്ന തരത്തിലുള്ള പരാമർശങ്ങൾ ഉന്നതങ്ങളിൽ നിന്നുണ്ടായി എന്നും മെഹ്ത അന്ന് വിസിക്ക് എഴുതിയ രാജിക്കത്തിൽ പറഞ്ഞു. "എന്റെ രാഷ്ട്രീയം, എഴുത്തുകൾ ഒക്കെയും ഇന്നാട്ടിലെ ഭരണഘടനാ നമ്മുടെ പൗരന്മാർക്ക് ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യങ്ങൾക്കും തുല്യ ബഹുമാനത്തിനും വേണ്ടി നിലകൊള്ളുന്നവയായിരുന്നു. അങ്ങനെ ഒന്ന് ആഗ്രഹിക്കുന്നത് സർവകലാശാലയുടെ അന്തസ്സിനു കളങ്കം വരുത്തും എന്നാണ് അവർ എന്നോട് പറയുന്നത്" മെഹ്ത പറഞ്ഞു.
മേഹ്തയുടെ രാജി തീരുമാനം പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെയാണ് സാമ്പത്തിക ശാസ്ത്രജ്ഞനും, കഴിഞ്ഞ വർഷം ജൂലൈ മുതൽ അശോകയിലെ പ്രൊഫസറും ആയ അരവിന്ദ് സുബ്രഹ്മണ്യവും അശോക യൂണിവേഴ്സിറ്റിയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചത്.

അശോക സർവകലാശാല സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒന്നായിരുന്നിട്ടും, അതിന്റെ പ്രവർത്തന ഫണ്ട് സ്വതന്ത്രമായിരുന്നിട്ടും, അക്കാദമിക രംഗത്തെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകാവുന്ന ഒരു അന്തരീക്ഷം ക്യാമ്പസിൽ നിലനിൽക്കുന്നില്ല എന്ന സ്വാഭാവികമായും മനസ്സുലച്ചിൽ ഉണ്ടാക്കുന്ന തിരിച്ചറിവാണ് തന്റെ രാജിക്ക് പിന്നിൽ എന്ന് അരവിന്ദ് സുബ്രഹ്മണ്യവും തന്റെ രാജിക്കത്തിൽ അറിയിക്കുകയുണ്ടായി.
വൈസ് ചാൻസലറുമായ സർവകലാശാല ക്യാമ്പസ് വികസനവുമായി ബന്ധപ്പെട്ടുണ്ടായ ചില അഭിപ്രായ ഭിന്നതകളാണ് മേഹ്തയുടെ രാജിയിലേക്ക് നയിച്ചത് എന്ന് സർവകലാശാല വിദ്യാർത്ഥികളുടെ പത്രമായ 'എഡിക്റ്റ്' ആരോപിക്കുന്നു. 'വ്യവസ്ഥിതിയെ ചോദ്യം ചെയ്യണം എന്നും ഒന്നും കണ്ണടച്ച് വിശ്വസിക്കരുത്' എന്നുമൊക്കെ തങ്ങളെ പഠിപ്പിച്ച പ്രിയ ഗുരുനാഥൻ പിബി മെഹ്ത്തയ്ക്ക് പിന്നിൽ എന്നും പൂർണപിന്തുണയോടെ തങ്ങൾ നിലകൊള്ളും എന്ന് വിദ്യാർഥികൾ പറയുന്നു. 'തനിക്ക് യോജിക്കാനാവാത്ത പലതും സർവകലാശാലയിൽ നടക്കുന്നുണ്ട് എന്നും, അതിനൊക്കെ കൂട്ടുനിൽക്കുന്നതിലും ഭേദം വിട്ടുപോകുന്നതാണ് എന്ന് താൻ കരുതുന്നു' എന്നും, വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞുകൊണ്ടെഴുതിയ മറ്റൊരു കത്തിൽ പിബി മെഹ്ത അടിവരയിട്ടു പറയുന്നു.
