കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നൽകുന്ന സാഹചര്യത്തിൽ ഇനി അതുകൂടി പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം.

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തീരുമാനം സുപ്രീംകോടതി വരുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. കോടതി അയച്ച നോട്ടീസിന് മറുപടി നൽകാൻ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു കേസ് മാറ്റിയത്.

പെഗാസസ് കേസിൽ സമഗ്ര ഉത്തരവ് ഉണ്ടാകുമെന്ന് രണ്ടാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് സൂചന നൽകിയതാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നൽകുന്ന സാഹചര്യത്തിൽ ഇനി അതുകൂടി പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം. പെഗാസസ് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ നൽകണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്.

പെഗാസസ് വിഷയത്തിൽ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന് ബംഗാൾ ജുഡീഷ്യൽ സമിതി കേസിൽ ചീഫ് ജസ്റ്റിസ് സൂചന നൽകിയിരുന്നു. സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. അത്തരമൊരു സമിതിയെ ഹര്‍ജിക്കാര്‍ പിന്തുണക്കുന്നില്ല. എന്തായാലും സുപ്രീംകോടതി തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona