ജനാധിപത്യ സംവിധാനത്തെ താറടിക്കാനുള്ള ശ്രമമെന്ന പ്രസ്താവനയുമായി ഫോണ്‍ ചോര്‍ത്തൽ വിവാദത്തെ പ്രതിരോധിച്ച ഐടി മന്ത്രി അശ്വനി വൈഷ്ണവിന്‍റെ ഫോണ്‍ വരെ ചോര്‍ത്തിയെന്നാണ് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്.

ദില്ലി: ദേശീയ രാഷ്ട്രീയത്തിൽ കത്തിപ്പടരുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കും. ഇരുസഭകളിലും സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. രാഹുൽ ഗാന്ധിയുടെ ഫോണുകൾ ചോര്‍ത്തി എന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. 

ജനാധിപത്യ സംവിധാനത്തെ താറടിക്കാനുള്ള ശ്രമമെന്ന പ്രസ്താവനയുമായി ഫോണ്‍ ചോര്‍ത്തൽ വിവാദത്തെ പ്രതിരോധിച്ച ഐടി മന്ത്രി അശ്വനി വൈഷ്ണവിന്‍റെ ഫോണ്‍ വരെ ചോര്‍ത്തിയെന്നാണ് ഇന്നലെ വൈകീട്ട് പുറത്തിറങ്ങിയ റിപ്പോര്‍ട്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയിൽ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. വൈകീട്ട് പ്രധാനമന്ത്രി കൊവിഡ് പ്രതിരോധ വാക്സിനേഷൻ നടപടികളെ കുറിച്ച് വിശദീകരിക്കാൻ പാര്‍ലമെന്‍റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ നിന്ന് പ്രതിപക്ഷ കക്ഷികൾ വിട്ടുനിൽക്കാനും സാധ്യതയുണ്ട്.