ബിടി കോട്ടണ്‍ വിത്തുകളുടെ അനധികൃത വില്‍പനയുമായി ബന്ധപ്പെട്ട് 2018 ല്‍ മോണ്‍സാന്‍റോ കമ്പനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ദില്ലി: ബഹുരാഷ്ട്രകമ്പനിയായ മോണ്‍സാന്‍റോയിലെ ഉദ്യോഗസ്ഥരുടെ ഫോണുകളും ചാര സോഫ്റ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ബിടി കോട്ടണ്‍ വിത്തുകളുടെ അനധികൃത വില്‍പനയുമായി ബന്ധപ്പെട്ട് 2018 ല്‍ മോണ്‍സാന്‍റോ കമ്പനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബിജെപിസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെ 6 ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്നാണ് ദി വയർ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസമിലെ ചില രാഷ്ട്രീയ നേതാക്കളും ഇന്ന് പുറത്ത് വന്ന പട്ടികയിലുണ്ടെന്നാണ് വിവരം. അസമില്‍ ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ ഉപദേഷ്ടാവ് സമുജ്ജല്‍ ഭട്ടാചാര്യ, ഉള്‍ഫ നേതാവ് അനൂപ് ചേത്യ എന്നിവരുടെ ഫോണുകള്‍ ചോര്‍ന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഫോണുകള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള പതിനാല് ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ പെഗാസസ് പട്ടികയില്‍ ഉണ്ടെന്നതാണ് അന്വേഷണം നടത്തിയ മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. മാക്രോണ്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ സാധിക്കാത്തതിനാല്‍ ചോര്‍ത്തല്‍ നടന്നോയെന്നത് സ്ഥിരീകരിക്കുന്നില്ലെന്നാണ് മാധ്യമക്കൂട്ടായ്മ വ്യക്തമാക്കിയത്.
എന്നാല്‍ ഇതേ പട്ടികയില്‍ പതിനാല് ഫ്രഞ്ച് മന്ത്രിമാരുടെ നമ്പറുകളും ഉണ്ടായിരുന്നുവെന്നും അതിലൊരാളുടെ ഫോണ്‍ ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ സെക്യൂരിറ്റി ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാനായെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
