കമ്പനിയുടെ അഭിഭാഷകരാണ് സോണിയ ഗാന്ധിയുടെ സഹായികളുമായി പലവട്ടം ചർച്ചകൾ നടത്തിയതെന്നും അഭിഭാഷകരുടെ നിർദ്ദേശങ്ങളെ ഒടുവിൽ സോണിയ ഗാന്ധി എതിർക്കുകയായിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ് പറയുന്നു.
ദില്ലി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ വീണ്ടും പ്രതികരണമായി പെൻഗ്വിൻ ഹൗസ്. 'ബിലോങിംഗ്' എന്ന പുസ്തകത്തിൽ നിന്ന് ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ് വ്യക്തമാക്കി. കമ്പനിയുടെ അഭിഭാഷകരാണ് സോണിയ ഗാന്ധിയുടെ സഹായികളുമായി പലവട്ടം ചർച്ചകൾ നടത്തിയത്. അഭിഭാഷകരുടെ നിർദ്ദേശങ്ങളെ ഒടുവിൽ സോണിയ ഗാന്ധി എതിർക്കുകയായിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ് പറയുന്നു. ഗൽവാൻ സംഘർഷം, മോദിയുടെ ചില ഭരണവിഷയങ്ങൾ, ആർഎസ്എസിനെ കുറിച്ചുള്ള പരാമർശം എന്നിവയിൽ അഭിഭാഷകർ എതിർപ്പ് ഉന്നയിച്ചു എന്നാണ് സൂചന. ഇന്ത്യയിലെ കലാപങ്ങളെയും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെയും കുറിച്ചുള്ള ഭാഗങ്ങളിലും തിരുത്തൽ നിർദ്ദേശിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചെന്ന് കോൺഗ്രസ് ആരോപിച്ചതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ മാറ്റാനാണ് പെൻഗ്വിൻ ഹൌസ് നിർദേശം നൽകിയെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്നും അശോക് ഗെലോട്ട് ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൻഗ്വിൻ ഹൗസ് തങ്ങളുടെ ഭാഗം വ്യക്തമാക്കി വീണ്ടും രംഗത്ത് വന്നത്.
പ്രസാധകർ എന്ന നിലയിൽ വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നതും പുസ്തകത്തിന്‍റെ മികച്ച താല്പര്യങ്ങൾ മുൻനിർത്തി രചയിതാവിന് നിർദേശങ്ങൾ നൽകുന്നതും തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്ന് പെൻഗ്വിൻ ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലുടനീളം, ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും താല്പര്യപ്പെടുന്നുണ്ടെന്നുമുള്ള നിലപാടാണ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ എഴുത്തുകാരിയുമായി നടത്തിയ ചർച്ചകളെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പെൻഗ്വിൻ ഹൗസ് വ്യക്തമാക്കി.


