ദില്ലി: കൊവിഡ് 19 മൂലം എല്ലാവരും ബുദ്ധിമുട്ടുന്നുണ്ട് അതിനാല്‍ എല്ലാവര്‍ക്കും വാക്സിന്‍ സൌജന്യമായി നല്‍കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ബിഹാറില്‍ വാക്സിന്‍ സൌജന്യമായി വിതരണം ചെയ്യുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയായ  അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രതികരണം. 

ബിഹാറിലെ ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തമിഴ്നാട്ടിലും മധ്യപ്രദേശിലും സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിന്‍ സൌജന്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വാക്സിനെ രാഷ്ട്രീയവത്കരിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ഉയരുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. തമിഴ്നാട്ടില്‍ അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുക, അതേസമയം  മധ്യപ്രദേശില്‍ 28 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 3 ന് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. 

സൌജന്യമായുള്ള കൊവിഡ് വാക്സിനുള്ള അര്‍ഹത രാജ്യത്തെ എല്ലാവര്‍ക്കുമുണ്ട്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കും. വിലയെ അടിസ്ഥാനമാക്കിയാവും ഇക്കാര്യത്തില്‍ തീരുമാനമെന്നുമാണ് അരവിന്ദ് കെജ്‍രിവാൾ ഇന്നലെ പറഞ്ഞത്.