ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ​ഹരിദ്വാറിൽ സം​ഗീത പരിപാടിക്കിടെ സീറ്റ് ക്രമീകരണത്തെ ചൊല്ലി ആളുകൾ തമ്മിൽ തർക്കത്തിലായി. ഹരിദ്വാറിൽ നവംബർ 19ന് നടന്ന ഖവാലി സം​ഗീത നിശയിലായിരുന്നു സംഭവം. സം​ഗീത പരിപാടി കാണാനെത്തിയവർ തമ്മിൽ സീറ്റിനെ ചൊല്ലി തർക്കത്തിലാകുകയും പരസ്പരം കസേരകൾ വലിച്ചെറിയുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകൾ കസേരകൾ വലിച്ചെറിയുന്നതും കസേര കൊണ്ട് പരസ്പരം മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. രണ്ടുസംഘമായി പിരിഞ്ഞ് അതിക്രൂരമായാണ് പരസ്പരം മർദ്ദിക്കുന്നത്. അടിയുണ്ടാക്കരുതെന്ന് മൈക്കിൽ ആരോ വിളിച്ച് പറയുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു. ഒടുവിൽ പൊലീസെത്തി ലാത്തി വീശിയപ്പോഴാണ് ആൾക്കൂട്ടം പിരിഞ്ഞ് പോയത്.

ആക്രമണത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി ഹരിദ്വാർ എസ്‍പി കമലേശ് ഉപദ്യായി പറഞ്ഞു. ഒരുകൂട്ടം ചെറുപ്പക്കാർ തമ്മിലാണ് തർക്കത്തിലായത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ‌ അറസ്റ്റ് ചെയ്യു‌മെന്നും അദ്ദേഹം വ്യക്തമാക്കി.